ദേശീയ പൗരത്വ ബില്‍: സിപിഐഎം പ്രതിഷേധത്തില്‍ അണിനിരന്ന് ജനലക്ഷങ്ങള്‍; ഭരണ-പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രതിഷേധത്തിലേക്ക്‌

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച്‌ ജനങ്ങളെ വിഭജിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും വൻ പ്രതിഷേധം.

സിപിഐ എം നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ ആയിരങ്ങൾ മാർച്ച്‌ ചെയ്‌തു. ഭരണഘടനാവിരുദ്ധ നിയമത്തിനെതിരെ സ്‌ത്രീകളും തൊഴിലാളികളും ജീവനക്കാരും പ്ലക്കാർഡുകളുമേന്തി നടത്തിയ മാർച്ചിൽ ജനരോഷം അലയടിച്ചു.

തിരുവനന്തപുരത്ത്‌ ജനറൽ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ സിപിഐ എം നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്‌തു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വേർതിരിക്കാനുള്ള നിയമത്തിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി.

വിവിധ കേന്ദ്രങ്ങളിൽ സർക്കാർ ഓഫീസുകളിലാണ്‌ പ്രകടനം നടത്തിയത്‌. യുവജന,- വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. എൽഡിഎഫ്‌ നേതൃത്വത്തിൽ 19ന്‌ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കും.

ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും 16ന് തിരുവനന്തപുരത്ത്‌ സത്യഗ്രഹം അനുഷ്‌ഠിക്കും.

പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽ രാവിലെ 10ന്‌ ആരംഭിക്കും. സാംസ്കാരിക- കലാ-സാഹിത്യമേഖലകളിലെ പ്രമുഖർ സംസാരിക്കും.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ ആശയവിനിമയത്തെതുടർന്നാണ്‌ സംയുക്ത പ്രക്ഷോഭത്തിന്‌ ധാരണയായത്‌.

ഈ പ്രക്ഷോഭത്തോടും അതുയർത്തുന്ന മുദ്രാവാക്യത്തോടും എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here