പൗരത്വ ഭേദഗതി നിയമം: രാജ്യാന്തരതലത്തിലും കടുത്ത പ്രതിഷേധം; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുഖം നഷ്ടമായി ഇന്ത്യ

മാതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമനിര്‍മാണത്തിലൂടെ ലോകരാഷ്ട്രങ്ങൾക്കു മുന്നില്‍ മതനിരപേക്ഷമുഖം നഷ്ടപ്പെട്ട് ഇന്ത്യ.

വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, രാജ്യാന്തരതലത്തിലും ഇന്ത്യക്കെതിരെ പ്രതിഷേധം. ഐക്യരാഷ്ട്ര സംഘടനയും ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്‌മയും മോഡി സർക്കാരിന്റെ നയത്തിൽ ആശങ്കരേഖപ്പെടുത്തി. മോഡി സർക്കാരിനെതിരെ കൂടുതൽ രാജ്യങ്ങൾ നിലപാടെടുത്തു.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ 15 മുതൽ 17 വരെ അസമിലെ ഗുവാഹത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്താനിരുന്ന ഉച്ചകോടി മാറ്റിവച്ചു.

പ്രക്ഷോഭത്തെ തുടര്‍ന്ന് ഉച്ചകോടി വേദി മാറ്റാന്‍ കേന്ദ്രം ശ്രമിക്കവെ ഷിൻസോ ആബെയുടെ സന്ദർശനം റദ്ദാക്കിയത്‌ ഇന്ത്യക്ക്‌ വന്‍ നയതന്ത്രതിരിച്ചടിയായി.

യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ അല്ലാതെ പ്രധാനമന്ത്രിമാരുടെ ഉച്ചകോടികൾ മാറ്റിവയ്‌ക്കാറില്ല.

കടുപ്പിച്ച്‌ ബംഗ്ലാദേശ്‌

വിദേശമന്ത്രി എം കെ അബ്ദുൾ മൊമീൻ, ആഭ്യന്തരമന്ത്രി അസദുസ്‌മാൻ ഖാൻ എന്നിവർ സന്ദർശനം റദ്ദാക്കിയതിനുപിന്നാലെ ബംഗ്ലാദേശ്‌ ഇന്ത്യക്കെതിരെ നിലപാട്‌ കടുപ്പിച്ചു.

ഇന്ത്യയിലെ ഉപസ്ഥാനപതിയുടെ വാഹനവ്യൂഹത്തെ ഗുവാഹത്തിയിൽ ആക്രമിച്ചതിൽ ബംഗ്ലാദേശ്‌ സർക്കാർ ഇന്ത്യയെ ശക്തമായ പ്രതിഷേധം അറിയിച്ചു.

ധാക്കയിലെ ഇന്ത്യൻ സ്ഥാനപതി റീവ ഗാംഗുലി ദാസിനെ വിളിച്ചുവരുത്തിയാണ്‌ വിദേശസെക്രട്ടറി കംറൂൾ ഹസൻ പ്രതിഷേധം അറിയിച്ചത്‌.

പ്രത്യാഘാതം വിലയിരുത്തുന്നു: യുഎൻ

പൗരത്വ നിയമത്തിന്റെ സ്വഭാവത്തിൽ ഐക്യരാഷ്ട്രസംഘടന ആശങ്ക പ്രകടിപ്പിച്ചു. പ്രത്യാഘാതം സൂക്ഷ്‌മമായി വിലയിരുത്തുകയാണെന്ന്‌ സെക്രട്ടറി ജനറലിന്റെ വക്താവ്‌ ഫർഹാൻ ഹഖ്‌ പറഞ്ഞു.

മതവിവേചനപരവും രാജ്യാന്തരസമൂഹത്തോട്‌ ഇന്ത്യ നിയമപരമായി കാട്ടേണ്ട പ്രതിബദ്ധതയുടെ ലംഘനവുമാണ്‌ പുതിയനിയമമെന്ന്‌ ഹ്യൂമൻ റൈറ്റ്‌സ്‌ വാച്ച്‌ വക്താവ്‌ മീനാക്ഷി ഗാംഗുലി പറഞ്ഞു.

സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന്‌ 57 മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഓർഗനൈസേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോ–ഓപ്പറേഷൻ (ഒഐസി) വ്യക്തമാക്കി.

ജനാധിപത്യം സംരക്ഷിക്കണം: അമേരിക്ക

ഭരണഘടനാനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന്‌ അമേരിക്ക ഇന്ത്യയോട്‌ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളിലെ സ്ഥിതിഗതി നിരീക്ഷിച്ചുവരികയാണെന്ന്‌ അമേരിക്കൻ വിദേശവകുപ്പ്‌ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാസായാൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ അടക്കമുള്ളവർക്ക്‌ ഉപരോധം ഏർപ്പെടുത്തണമെന്ന്‌ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ്‌ കമീഷൻ ആവശ്യപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം

● വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി സ്‌ഫോടനാത്മകം
● അസമിൽ വെള്ളിയാഴ്‌ച 47 ട്രെയിൻ റദ്ദാക്കി
● ആയിരക്കണക്കിനാളുകൾ കരുതൽ തടങ്കലിൽ
● മൊബൈൽ, ഇന്റർനെറ്റ്‌ വിലക്ക്‌ നീട്ടി
● ഷില്ലോങ്‌–-ഗുവാഹത്തി ദേശീയപാത പ്രക്ഷോഭകർ അടച്ചു
● അമിത്‌ ഷാ മേഘാലയ, അരുണാചൽ സന്ദർശനം റദ്ദാക്കി
● ബംഗാളിലെ മുർഷിദാബാദിൽ റെയിൽവേസ്‌റ്റേഷൻ കത്തിച്ചു
● അരുണാചൽപ്രദേശിൽ പരീക്ഷകൾ ബഹിഷ്‌കരിച്ച്‌ വിദ്യാർഥികൾ തെരുവിലിറങ്ങി
● ജാമിയ സർവകലാശാലാ വിദ്യാർഥികളെ പൊലീസ്‌ തല്ലിച്ചതച്ചു
● ഡൽഹി, ഉത്തർപ്രദേശ്‌, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ,കർണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിലും വൻ പ്രതിഷേധം
● ചെന്നൈയിൽ ഉദയനിധി സ്‌റ്റാലിനടക്കമുള്ള ഡിഎംകെ പ്രവർത്തകർ അറസ്‌റ്റിൽ
● രാജിവച്ച ഐഎഎസ്‌ ഓഫീസർ കണ്ണൻ ഗോപിനാഥൻ മുംബൈയിൽ അറസ്‌റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News