പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ ഗുഡ് വിൻ നിക്ഷേപകർ

ഗുഡ് വിൻ ജ്വല്ലേഴ്‌സ് ഉടമകളായ സുനിൽ കുമാർ അക്കരക്കാരൻ സുധീഷ് കുമാർ അക്കരക്കാരൻ എന്നിവർ താനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് മുൻപിൽ കീഴടങ്ങിയതോടെ ചതിക്കുഴിയിൽ പെട്ട നിക്ഷേപകർക്ക് പുത്തൻ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

സുനിൽ കുമാറിനും സുധീഷ് കുമാറിനുമെതിരെ സാമ്പത്തിക കുറ്റകൃത്യത്തിനാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. താനെ സ്പെഷ്യൽ കോർട്ടാണ് കോടതിയിൽ ഹാജരായ ജ്വല്ലറി ഉടമകളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

താനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മുംബൈയിലും തമിഴ് നാട്ടിലും കേരളത്തിലുമായി ജ്വല്ലറി ഉടമകളുടെ ഇരുപത്തി ആറോളം സ്വത്തുക്കളാണ് ഇത് വരെ കണ്ടു കെട്ടിയിട്ടുള്ളത്.

രണ്ടു ഫ്ലാറ്റുകൾ, കേരളത്തിലെ ബംഗ്ലാവ്, ഫാം ഹൌസ്, 4 ആഡംബര കാറുകൾ , രണ്ടു മോട്ടോർ ബൈക്കുകൾ എന്നിവ കൂടാതെ മ്യൂച്ച്വൽ ഫണ്ട്, വിവിധ കമ്പനികളിലെ ഷെയറുകൾ തുടങ്ങിയവയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇവയെല്ലാം കൂടി 20 കോടി രൂപയുടെ ആസ്തിയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 25 കോടി രൂപയുടെ പരാതികളാണ് കേസ് അന്വേഷിക്കുന്ന താനെയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ പന്ത്രണ്ടോളം ഷോറൂമുകൾ കാലിയാക്കി ജ്വല്ലറി ഉടമകൾ മുങ്ങുമ്പോൾ ചതിക്കുഴിയിൽ അകപ്പെട്ടത് ആയിരക്കണക്കിന് നിക്ഷേപകരായിരുന്നു.

ആസൂത്രിതമായി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങളാണ് ഇനി ലഭിക്കാനുള്ളതെന്നും ഇതിനായി തെളിവെടുപ്പുകൾ നടത്തുമെന്നും കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ജാദവ് അറിയിച്ചു.

ഗുഡ് വിൻ സഹോദരന്മാർ അറസ്റ്റിലായതോടെ പരാതികൾ നൽകിയവരുടെ നിക്ഷേപ തുക തിരിച്ചു നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ഗുഡ്‌വിൻ നിക്ഷേപതട്ടിപ്പിൽ താനെ, ഡോംബിവ്‌ലി, കല്യാൺ, അംബർനാഥ് , വാഷി, ചെമ്പൂർ , വസായ്, മീരാ റോഡ് തുടങ്ങിയ മേഖലകളിൽ നിന്നായി ഇതിനകം ആയിരക്കണക്കിന് പരാതികളാണ് താനെ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുള്ളത്.

സ്ഥിര നിക്ഷേപത്തിന് 17 ശതമാനം പലിശ എന്ന മോഹന വാഗ്ദാനം നൽകിയാണ് ആയിരക്കണക്കിന് നിക്ഷേപകരെ സ്‌കീമിന്റെ ഭാഗമാക്കിയതെന്ന് ഏജന്റുമാർ പറയുന്നു.

മലയാളികളും ഇതര ഭാഷക്കാരുകടങ്ങുന്ന സാധാരണക്കാരായ നിരവധി നിക്ഷേപകർക്കാണ് പോലീസിന്റെ പുതിയ വിവരങ്ങൾ ആശ്വാസം പകരുന്നത്.

മക്കളുടെ കല്യാണത്തിനും, ചികിത്സാ ചിലവിനുമെല്ലാമായാണ് പലരും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവനും ഗുഡ് വിനിൽ നിക്ഷേപിച്ചത്. ജ്വല്ലറി ഉടമകളുടെ അറസ്റ്റോടെ നിരവധി നിക്ഷേപകർ തങ്ങളുടെ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News