ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജാമിയ മിലിയ സര്‍വ്വകലാശാല ക്യാമ്പസ് അടച്ചിട്ടു.

ജനുവരി അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്. അതുവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

അതേസമയം, അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി.

പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാര്‍ക്ക് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ.

ഇതിനിടെ, അസമിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം തിങ്കളാഴ്ച വരെ തുടരും. സംസ്ഥാനത്തെ സമാധാനന്തരീക്ഷം നിലനിര്‍ത്താനും നിയമലംഘനങ്ങള്‍ തടയാനുമാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് കിംവദന്തികള്‍ പരത്തുകയും ക്രമസമാധാനത്തെ തകര്‍ക്കുകയും ചെയ്യുന്നതായി സര്‍ക്കാര്‍ അറിയിച്ചു.