നടിയും ഭരതനാട്യ നര്‍ത്തകിയുമായ ലീലാ സാംസണെതിരെ സിബിഐ കേസ്. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനില്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ 7.02 കോടി രൂപ ചെലവഴിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.

ലീല സാംസണെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ ടി എസ് മൂര്‍ത്തി, അക്കൗണ്ട്‌സ് ഓഫിസര്‍ എസ് രാമചന്ദ്രന്‍, എന്‍ജിനീയറിങ് ഓഫിസര്‍ വി ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാംസ്‌കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘കാര്‍ഡ്’ കമ്പനിക്ക് ഓഡിറ്റോറിയത്തിന്റെ നവീകരണ ജോലികളുടെ മേല്‍നോട്ട ചുമതല നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നു പരാതിയില്‍ പറയുന്നു.

കേന്ദ്ര സംഗീത നാടക അക്കാദമി, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള ലീലാ സാംസണ് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.