ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ നൽകും: മന്ത്രി കെകെ ശൈലജ

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ വീതം നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

സാമൂഹ്യനീതി വകുപ്പ് മഴവില്ല് പദ്ധതിയിലൂടെ നടപ്പാക്കുന്ന ട്രാൻസ് വിമൺ കെയർ ആൻഡ് ഷോർട്ട് സ്റ്റേ ഹോം ‘സ്നേഹക്കൂടിന്റെ’ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ശസ്ത്രക്രിയയ്ക്കുശേഷം ആവശ്യമായ കാലയളവ് വരെ തുക നൽകാനാണ് ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷം രൂപ നൽകാനുള്ള പദ്ധതിയും തുടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് വരുന്നവർക്ക് തുക അനുവദിച്ചു കൊണ്ടിരിക്കുകയാണ്.

ട്രാൻസ്ജെൻഡേഴ്സിന് കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കുകൾ ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ സർജറിയും ആരംഭിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സ് എന്നത് ഒരു യാഥാർത്ഥ്യമാണ്.

എന്നാൽ പലപ്പോഴും സമൂഹം അത് അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും എന്ന പോലെ ഇവരെയും അംഗീകരിക്കാൻ കഴിയണം.

ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന് വിദ്യാഭ്യാസരംഗത്ത് ഉയർന്നുവരാനും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാനും സാധിക്കും. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കിടയിൽ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നല്ല ആരോഗ്യമുള്ള, മനസ്സാന്നിധ്യമുള്ള പൊതുസമൂഹത്തിന്റെ ഭാഗമാണ് തങ്ങളും എന്ന് തലയുയർത്തി പിടിച്ചു നടക്കുന്നവരായി ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെ മാറ്റുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. തെരുവുകളിൽ അല്ല മറിച്ച് വീടുകളിലാണ് ഇവർ വളരേണ്ടതെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി ആവിഷ്കരിച്ച മഴവില്ല് പദ്ധതിയുടെ ഭാഗമായി നിരവധി കാര്യങ്ങൾ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അടിയന്തര സാഹചര്യങ്ങളിൽ പെട്ടുപോകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഈ ഹ്രസ്വകാല താമസസൗകര്യം ഗുണം ചെയ്യും.

പുനർജനി കൾച്ചറൽ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. കോവൂർ ഇരിങ്ങാടൻ പള്ളിയിലാണ് സ്നേഹക്കൂട് പ്രവർത്തിക്കുന്നത്.

കോവൂർ ഇരിങ്ങാടൻ പള്ളിയിൽ നടന്ന ചടങ്ങിൽ എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയും ജില്ലാ കലക്ടർ സാംബശിവറാവു വിശിഷ്ടാതിഥിയുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News