പൗരത്വ നിയമഭേദഗതി;പ്രതിഷേധം ശക്തം; പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു

പൗരത്വ നിയമഭേദഗതിയെത്തുടർന്ന് പ്രതിഷേധം ശക്തമായ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി.

മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ് പൂർ, ഹൗറ ജില്ലകളിലും നോർത്ത് പർഗാനാസ് ജില്ലയിലെ ബരാസാത്, ബസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയ് പൂർ, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്‍റർനെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

മുർഷിദാബാദ് ജില്ലയിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയിൽവേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാർ തീയിട്ടു. കൊൽക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിർത്തിയിട്ടിരുന്ന 15 ബസ്സുകളാണ് സമരക്കാർ കത്തിച്ചത്.

ചില സംഘടിത വർഗീയ ശക്തികൾ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ സംഘ‍ടിച്ച് കലാപം അഴിച്ച് വിടാൻ ശ്രമിക്കുന്നെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്‍റർനെറ്റ് നിരോധിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും സർക്കാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here