ഐഎസ് തലവനെ ആക്രമിച്ച് കൊലപെടുത്തിയ ബല്‍ജിയം മലിനോയിസുകള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗം

ഐഎസ് തലവന്‍ ബാഗ്ദാദിയെ ആക്രമിച്ച് കൊലപെടുത്തിയ ബല്‍ജിയം മലിനോയിസുകള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗമാകും .കേരളാ പോലീസിന്‍റെ ശ്വാന സംഘത്തിലേക്ക് 20 നായ്കുട്ടികള്‍

ഐ എസ് തലവൻ ബാഗ്ദാദിയെ മരണത്തിലേക്ക് ആട്ടി പായിച്ച ബൽജിയം മലിനോയ്സ് നായക്കളെ അത്ര വേഗം ആരും മറക്കാൻ സാധ്യതയില്ല . എത്ര പ്രതിസന്ധി ഘട്ടത്തിലാണെങ്കിൽ പോലും ശത്രുവിനെ വിടാതെ പിന്തുടരുന്ന ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു കൊടും ഭീകരൻ ബാഗ്‌ദാദിയുടെ പതനത്തിനു പിന്നിൽ.

അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണ് ബെൽജിയം സ്വദേശികളായ മലിനോയിസുകൾ.ഇവരെ കൂടാതെ ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്ക്വാഡ് എന്നറിയപ്പെടുന്ന കേരളാ പോലീസിന്റെ ശ്വാനസംഘത്തില്‍ ചേരുന്നത്.ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ പട്ടിക്കുട്ടികള്‍ എത്തുന്നത്.

ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പ്രത്യേകം മുന്‍കൈയെടുത്താണ് നായ്കുട്ടികളെ സേനയുടെ ഭാഗമാകുന്നത്. പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി ആയിരിക്കും. രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്. മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും കാണാതായ ആള്‍ക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നല്‍കും.

കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുന്നതിനും പരിശീലിപ്പിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളില്‍ നിന്നാണ് പട്ടിക്കുട്ടികളെ തിരഞ്ഞെടുത്തത്.സേവനകാലാവധി പൂര്‍ത്തിയാക്കിയ 12 നായ്ക്കള്‍ നാളെ പോലീസില്‍ നിന്ന് വിരമിക്കും.

സേവന കാലാവധി പൂര്‍ത്തിയാക്കുന്ന 12 പോലീസ് നായ്ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ കേരളാ പോലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്. ബുദ്ധിയും ആക്രമണോല്‍സുകയും ഒത്ത് ചേരുന്ന ഈ നായകുട്ടികള്‍ കൂടി എത്തുന്നതോടെ മാവോയിസ്റ്റ് ഭീകരാക്രമണ ഭീഷണികളെ നേരിടാന്‍ കേരളം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News