പൗരത്വ രജിസ്റ്റർ തയ്യാറാക്കാന്‍ കേരളം തയ്യാറല്ല; കേന്ദ്രത്തിന്‍റെ ഡിറ്റക്ഷൻ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മന്ത്രി തോമസ്‌ ഐസക്‌

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് സംസ്ഥാനമാണ്‌, കേരളം അതിന് തയ്യാറല്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. പൗരത്വ ബിൽ നടപ്പാക്കേണ്ടത്‌ കേന്ദ്രമാണ്‌, കേരളത്തിന്‌ എന്ത്‌ കാര്യമാണെന്നാണ്‌ വി മുരളീധരൻ ചോദിക്കുന്നത്‌.

കേന്ദ്രം ഡിറ്റക്ഷൻ ക്യാമ്പുകൾ ഉണ്ടാക്കി വച്ചാൽ അവിടെ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ കേരള പ്രൊഫണൽസ്‌ നെറ്റ്‌വർക്കിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്‌ഘടന ഊരാക്കുടുക്കിലേയ്‌ക്ക്‌ നീങ്ങി കൊണ്ടിരിക്കുകയാണ്‌. അതിൽ നിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ പൗരത്വ ബിൽ പോലെയുള്ളവ കൊണ്ടുവരുന്നത്‌. നവകേരള നിർമാണത്തിന്‌ പ്രൊഫഷണലുകളുടെ സേവനം അനിവാര്യമാണ്‌. എല്ലാ മേഖലകളിലെയും പുതിയ വെല്ലുവിളികളെ നേരിടാനും അവയ്‌ക്ക്‌ മറുപടി നൽകാനും കഴിയണം.

ഈ സാഹചര്യത്തിൽ പ്രൊഫഷണൽ പണ്ഡിതൻമാരുടെയും വിദഗ്‌ധരുടെയും പ്രാധാന്യം വർധിച്ചു കൊണ്ടിരിക്കുകയാണ്‌. കേരളത്തിന്റെ ക്ഷേമനേട്ടങ്ങൾ നിലനിറുത്തി അനുയോജ്യ വ്യവസായങ്ങളിലൂടെ കുതിപ്പ്‌ ഉണ്ടാക്കാൻ സാധിക്കണം.

ഇ എം എസാണ്‌ ആദ്യമായി കേരളത്തിലെ പ്രൊഷണലുകളുടെ കൂട്ടായ്‌മയായ കേരള പഠന കോൺഗ്രസ്‌ വിളിച്ചു ചേർത്തത്‌. പുതിയ വിവരാധിഷ്‌ഠിത, നൈപുണ്യാധിഷ്‌ഠിത, സേവനാധിഷ്‌ഠിതമായ വ്യവസായങ്ങൾ കേരളത്തിൽ വരണം. മനുഷ്യവിഭവശേഷി, കേരളത്തിന്റെ പ്രകൃതിദത്തമായ പ്രത്യേകതകൾ എന്നിവ പരിഗണിക്കുമ്പോൾ ഇത്തരത്തിലുള്ള പാതമാറ്റം കേരളത്തിന്‌ ആവശ്യമാണ്‌.

പ്രൊഫഷണൽ മേഖലയിലെ അപകടകരമായ പ്രവണത മതമൗലിക ചിന്തകൾക്ക്‌ സ്ഥാനം കൂടുന്നുവെന്നതാണ്‌. ശാസ്‌ത്രം ജീവിത വൃത്തിയാക്കിയിട്ടുള്ളവരിൽ പലരും ലാബിന്‌ പുറത്തിറങ്ങിയാൽ യുക്തിക്ക്‌ പ്രാധാന്യമില്ലാത്ത ലോകത്ത്‌ ജീവിക്കുന്നു.

എങ്ങിനെയാണ്‌ പ്രൊഫഷണൽ മേഖല ഇതിനു വശംവദരാകുന്നുവെന്നത്‌ കണ്ടെത്താൻ തൊഴിൽ പ്രക്രിയയിലെ മാറ്റങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട്‌. മാർക്‌സിയൻ കാഴ്‌ച്ചപാടിലൂടെ നോക്കിയാൽ മാത്രമേ എന്താണ്‌ പ്രൊഫണൽ ലോകത്ത്‌ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെന്ന്‌ മനസ്സിലാക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News