ജിഎസ്‌ടി നഷ്ടപരിഹാരം എപ്പോള്‍ തരുമെന്നതിന് മറുപടിയില്ല; രാജ്യസഭയിൽ ഉത്തരം മുട്ടി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍

നാലുമാസത്തെ ജിഎസ്‌ടി നഷ്ടപരിഹാര കുടിശ്ശിക ഏതെല്ലാം സംസ്ഥാനങ്ങൾക്കാണ്‌ കേന്ദ്ര സർക്കാർ നൽകാനുള്ളതെന്ന ചോദ്യത്തിന്‌ രാജ്യസഭയിൽ മറുപടി നൽകാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയ്‌ക്ക്‌ മറുപടി നൽകിയ ധനമന്ത്രി ബിജെപി ഇതര സംസ്ഥാനങ്ങൾക്ക്‌ മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ജിഎസ്‌ടി നഷ്ടപരിഹാര കുടിശ്ശിക നൽകാനുണ്ടെന്ന്‌ പറഞ്ഞു. ഈ ഘട്ടത്തിലാണ്‌ ഏതെല്ലാം സംസ്ഥാനങ്ങൾക്കാണ്‌ പണം നല്‍കാനുള്ളതെന്ന് കെ കെ രാ​ഗേഷ് ആരാഞ്ഞത്.

എന്നാൽ, ഇതിന്‌ മറുപടി നൽകാൻ മന്ത്രി കൂട്ടാക്കിയില്ല. കുടിശ്ശിക എപ്പോൾ നൽകുമെന്ന് വെളിപ്പെടുത്താനും തയ്യാറായില്ല.

കേരളത്തിന്‌ നാലുമാസത്തെ നഷ്‌ടപരിഹാര കുടിശ്ശിക നൽകാനുണ്ടെന്ന്‌ ചർച്ചയിൽ രാഗേഷ്‌ പറഞ്ഞു. കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാര കുടിശ്ശിക നൽകാനും വിസമ്മതിക്കുന്നു.

ബിജെപി ഇതര സംസ്ഥാനങ്ങളായ പഞ്ചാബ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കും ജിഎസ്‌ടി കുടിശ്ശിക നൽകുന്നില്ല. ചിറ്റമ്മ നയം എന്തിനെന്ന്‌ വ്യക്തമാക്കണം– രാഗേഷ്‌ പറഞ്ഞു.

സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക് കേന്ദ്ര ധനമന്ത്രിക്കയച്ച കത്തിലെ പരാമർശങ്ങൾ ജയ്‌റാം രമേശ്‌ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ജിഎസ്‌ടി നഷ്ടപരിഹാര കുടിശ്ശിക നൽകാത്തതിനെത്തുടർന്ന്‌ കേന്ദ്രവും സംസ്ഥാനങ്ങളുമായി ഒരു തർക്കം ഉടലെടുത്തിരിക്കുകയാണ്‌.

എന്നാൽ, 2017 ൽ പാർലമെന്റ്‌ പാസാക്കിയ ജിഎസ്‌ടി നിയമത്തിൽ തർക്കപരിഹാര സംവിധാനമില്ല. മുൻസർക്കാർ കൊണ്ടുവന്ന കരടുബില്ലിൽ ഇതിന്‌ വ്യവസ്ഥയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാനങ്ങളുമായി തർക്കമില്ലെന്നും കുടിശ്ശിക നൽകുമെന്നും നിർമല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News