മാനവികതയ്ക്ക് കാവലാവാന്‍ ഉണര്‍ന്നിരുന്ന് സമര യൗവ്വനം; ദില്ലിയിലെ പൊലീസ് വേട്ടയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്താകെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ മാര്‍ച്ച്

തിരുവനന്തപുരം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെയും അലിഗഡ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കടന്ന് ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധം നടന്നു.

104 ഓളം വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് ശക്തമായ പ്രതിഷേധമാണ് നടന്നത്.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി 11.45 ഓടെ വനിതകളടക്കം നൂറിലധികം പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.

പൊലീസ് അതിക്രമത്തിനെതിരെ രാത്രി വൈകിയും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡല്‍ഹി പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് അഭിവാദ്യം അര്‍പ്പിച്ചായിരുന്നു രാജ്ഭവന്‍ മാര്‍ച്ച്.

രാത്രി വൈകി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ദില്ലിയില്‍ ഇന്നലെ ഏറെ വൈകിയും ഡിവൈഎഫ്‌ഐയുടെയും ജെഎന്‍യു വിദ്യാര്‍ത്ഥികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ലൈബ്രറിയില്‍ പൂട്ടിയിട്ട് തുടരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ പോലും ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് ക്യാമ്പസില്‍ പൊലീസ് ബന്ധവസ് എന്നാണ് അറിയാന്‍ കഴിയുന്നത്. തുടര്‍ച്ചയായി 9 മണിക്കൂറാണ് ദില്ലി പൊലീസ് ആസ്ഥാനം വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചത്.

കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞു. മ്യൂസിയം പൊലീസ് സറ്റേഷനുമുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവന്‍ പരിസരത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചുതടഞ്ഞു.

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്ഥാവനയിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

പൗരത്വ പട്ടിക വേണമോ വേണ്ടയോ എന്നത് സംസ്ഥാനമാണ് തീരുമാനിക്കേണ്ടത് കേരളത്തില്‍ അതുണ്ടാവില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഭരണഘടനയ്ക്ക് വിരുദ്ധമായൊരു നിയമം നടപ്പിലാക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാവില്ലെന്നും എകെ ബാലന്‍ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News