ഭരണകൂടത്തെ വിറപ്പിച്ച് പൗരത്വ ബില്ലിനെതിരെ രാജ്യത്താകെ കനത്ത പ്രതിഷേധം

ഭരണ നിര്‍വഹണസഭകളിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ജനാധിപത്യത്തെയും ഭരണഘടനയെയുമൊക്കെ പിച്ചിച്ചീന്തി ജനവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങളും തീരുമാനങ്ങളും നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ചുകൊണ്ടാണ് രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

പൗരത്വ ബില്ലിനെതിരെ കക്ഷരാഷ്ട്രീയത്തിന് വ്യത്യസ്തമായ അപൂര്‍വമായിത്തന്നെ സംയുക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നത്. തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളെ ഏതുവിധേനയും നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന അമിത് ഷായും നരേന്ദ്രമോദിയും ഇന്ത്യന്‍ തെരുവുകളില്‍ ഉയര്‍ന്ന ഈ ശക്തമായ ശബ്ദത്തെ ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു.

ബില്ലില്‍ മാറ്റമാവാം എന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ വൈകുന്നേരത്തോടുകൂടി ജാമിയ സര്‍വകലാശാലയില്‍ പൊലീസ് നരനായാട്ട് തുടങ്ങിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. 104 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രക്ഷോഭം കനക്കുന്ന അവസരത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയാവാം എന്ന അമിത് ഷായുടെ പ്രഖ്യാപനം പ്രതിഷേധങ്ങളോട് കാണിക്കുന്ന ഇരട്ടത്താപ്പിന്റെ തെളിവാണ്. രാത്രി ഏറെ വൈകിയും കേരളത്തിന്റെ ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളില്‍വരെ കനത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

ജാമിയയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ജെഎന്‍യു വിദ്യാര്‍ത്ഥികളും ദില്ലിയില്‍ നടത്തിയ പ്രതിഷേധം ദില്ലി പൊലീസ് ആസ്ഥാനത്തെ 9 മണിക്കൂറാണ് അക്ഷരാര്‍ഥത്തില്‍ തടങ്ങലിലാക്കിയത്.

പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാജ്യത്താകമാനം വിദ്യാര്‍ഥികള്‍ പ്രഖ്യാപിക്കുമ്പോള്‍, രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങള്‍ സംയുക്തമായി ബില്ലിനെതിരെ രംഗത്ത് വരുമ്പോള്‍.

രാജ്യത്താകെ ജനാധിപത്യ വിശ്വാസികള്‍ക്ക് പുതിയ പ്രതീക്ഷയാവുകയാണ് ഇവയെല്ലാം. ഭരണ നിര്‍വഹണ സഭയിലെ ഭൂരിപക്ഷംകൊണ്ട് മാത്രം ഒരുരാജ്യത്തെ ജനാധിപത്യ മനുഷ്യത്വ മൂല്യങ്ങളെ പാടെ കുഴിച്ചുമൂടാന്‍ ഒരു ഭരണസംവിധാനത്തിനും കഴിയില്ലെന്ന് വിളിച്ചുപറയുകകൂടിയാണ് രാജ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here