”ഇതാണ് ഇന്ത്യന്‍ യുവാക്കള്‍; അവരുടെ ക്ഷമയെ പരീക്ഷിക്കരുത്; കാത്തിരുന്ന വിപ്ലവം വരുന്നു”; പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയേറുന്നു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം.

വിദ്യാര്‍ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. വിദ്യാര്‍ഥിനികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു കട്ജുവിന്റെ ട്വീറ്റ്. ‘കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു’ എന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

പൊലീസ് അക്രമത്തിനെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലറും രംഗത്തെത്തിയിരുന്നു.

‘എന്റെ വിദ്യാര്‍ഥികളോടു ചെയ്തത് കണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോകും.’ വിസി പറഞ്ഞു.

പൊലീസ് അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗതും രംഗത്തെത്തി. യുവാക്കളുടെ ക്ഷമ സര്‍ക്കാര്‍ പരീക്ഷിക്കരുത് എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. രാജ്യം വിദ്യാര്‍ത്ഥികളോട് ഐക്യപ്പെടുന്നുവെന്നാണ് യെച്ചൂരി ട്വിറ്ററില്‍ കുറിച്ചത്.

വിദ്യാര്‍ത്ഥി സമരത്തിന് പിന്‍തുണയുമായി സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ടും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിദ്യാര്‍ഥി പ്രതിഷേധം നടക്കുന്നിടത്ത് എത്തിയിരുന്നു.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

‘ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തിരിക്കുന്നു. തൊഴില്‍ കാണാന്‍ പോലും ഇല്ലാതായി. ഇന്റര്‍നെറ്റ് അടക്കം റദ്ദ് ചെയ്തിരിക്കുന്നു. യൂണിവേഴ്സിറ്റി ലൈബ്രററികളിലേക്ക് പൊലീസിനെ അയക്കുന്നു. യുവാക്കള്‍ ചിലപ്പോള്‍ ക്ഷമ കാണിച്ചെന്നിരിക്കാം. എന്നാല്‍ അവരുടെ ക്ഷമയെ പരീക്ഷിക്കരുത്’ ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു.

വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മോദി സര്‍ക്കാര്‍ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ദല്‍ഹിയില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

‘രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണ്. ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here