ഹെറ്റ്മെയര്‍ 139 ഹോപ്പ് 102*; അടിച്ചെടുത്ത് വിന്‍ഡീസ്

ചെപ്പോക്കില്‍ സെഞ്ചുറികള്‍ തീര്‍ത്ത് വെസ്റ്റിന്‍ഡീസ് ഇന്ത്യയെ വിരട്ടി. ഷിംറോണ്‍ ഹെറ്റ്മയറുടെയും (106 പന്തില്‍ 139), ഷായ് ഹോപ്പിന്റെയും (151 പന്തില്‍ 102*) ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍ വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കിനില്‍ക്കേ വിന്‍ഡീസ് മറികടന്നു. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ എട്ട് വിക്കറ്റിന് ജയിച്ച് കരീബിയക്കാര്‍ ഉശിരുകാട്ടി (10). സ്‌കോര്‍: ഇന്ത്യ 8–287, വിന്‍ഡീസ് 2–291 (47.5).

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പതറിയ പിച്ചില്‍ ഹെറ്റ്മെയറും ഹോപ്പും അനായാസം ബാറ്റേന്തി. 11 റണ്ണെടുക്കുന്നതിനിടെ ഓപ്പണര്‍ സുനില്‍ ആംബ്രിസിനെ (9) നഷ്ടമായ വിന്‍ഡീസിനെ ഹോപ്പും ഹെറ്റ്മെയറും ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 218 റണ്ണാണ് ഇരുവരും അടിച്ചെടുത്തത്. ഇതിന് വേണ്ടി വന്നത് 208 പന്തുകള്‍ മാത്രം. അഞ്ചാം ഓവറില്‍ ഒത്തുചേര്‍ന്ന ഇരുവരും 39ാം ഓവര്‍ വരെ ക്രീസില്‍ ഉറച്ചു.

ഇരുപത്തിരണ്ടുകാരന്‍ ഹെറ്റ്മെയറാണ് വിന്‍ഡീസ് ജയത്തിന് അടിത്തറയിട്ടത്. തുടക്കംമുതലേ വമ്പനടി തീര്‍ത്ത് വിന്‍ഡീസുകാരന്‍ കളി പിടിച്ചു. ഏഴ് സിക്സറും നാല് ബൗണ്ടറിയും സഹിതമാണ് ഇടംകൈയന്‍ 139 റണ്ണടിച്ചത്. 85 പന്തുകളില്‍ അഞ്ചാം സെഞ്ചുറി പൂര്‍ത്തിയാക്കി ഹെറ്റ്മെയര്‍. ജയത്തിന് 59 റണ്ണകലെ ഹെറ്റ്മെയര്‍ വീണെങ്കിലും നിക്കോളാസ് പുരാനെ (23 പന്തില്‍ 29) കൂട്ടുപിടിച്ച് ഹോപ്പ് കളി തീര്‍ത്തു. ക്ഷമയോടെയായിരുന്നു ഹോപ്പിന്റെ ബാറ്റിങ്.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ മുന്‍നിര പതറിയപ്പോള്‍ ശ്രേയസ് അയ്യരും (70) ഋഷഭ് പന്തുമാണ് (71) ഇന്ത്യയെ നയിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 114 റണ്‍ ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. നാലാം നമ്പറില്‍ തെളിഞ്ഞ ശ്രേയസ് തുടര്‍ച്ചയായ മൂന്നാം അരസെഞ്ചുറിയാണ് കണ്ടെത്തിയത്. നിര്‍ണായകമായ മത്സരത്തില്‍ പന്തും മിടുക്കുകാട്ടി. ടീം മാനേജ്മെന്റിന്റെ വിശ്വാസം കാത്ത ഇടംകൈയന്‍ കന്നി അരസെഞ്ചുറി കുറിച്ചു. കേദാര്‍ ജാദവും (40), രവീന്ദ്ര ജഡേജയുമാണ് (21) സ്‌കോര്‍ 250 കടത്തിയത്.

ട്വന്റി–20 പരമ്പരയില്‍ മിന്നിയ ലോകേഷ് രാഹുല്‍ (6), വിരാട് കോഹ്ലി (4), രോഹിത് ശര്‍മ (36) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഷെല്‍ഡണ്‍ കോട്രെല്‍, കീമോ പോള്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News