വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; നാലു പേര്‍ക്കെതിരെ കൊലക്കുറ്റം

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഒമ്പത് പ്രതികളുളള കേസില്‍ എസ്.ഐ ദീപക് അടക്കം നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാനാണ് പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വരാപ്പു‍ഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ആയിരത്തോളം പേജുളള കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് പ്രതികളുളള കുറ്റപത്രത്തില്‍ അന്ന് വരാപ്പു‍ഴ എസ്ഐ ആയിരുന്ന ദീപക് അടക്കം നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

റൂറൽ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വടക്കൻ പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാം ആണ് അഞ്ചാം പ്രതി. അന്ന് ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോർജ് കേസില്‍ 98 – സാക്ഷിയാണ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകളും ദൃക്സാക്ഷി മൊ‍ഴികളുമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പി ജി മനു പറഞ്ഞു.

2018 ഏപ്രിൽ 9ന് രാത്രി വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്പിയായിരുന്ന എവി ജോർജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ വിചാരണ ഉടന്‍ ആരംഭിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാകും വിചാരണ നടപടികള്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News