മിക്കിമോൾ നിർനിമേഷയായി നോക്കി നിന്നു, സ്നേഹേച്ചി സീരിയലിലല്ലാതെ ടിവിയിൽ, വൈറലായി സീരിയല്‍ താരം സ്നേഹ ശ്രീകുമാറിന്‍റെ പൂച്ച

മിക്കിമോൾക്ക് അന്നത്ര പന്തിയുളള ദിവസമായിരുന്നില്ല. സ്നേഹേച്ചിയെ സ്വസ്ഥമായി അടുത്ത് കിട്ടിയിട്ട് ദിവസങ്ങളായി.മിണ്ടാനും പറയാനും ഏറെയുണ്ടെങ്കിലും ഒരവസരം കിട്ടുന്നില്ല. സ്നേഹേച്ചി സീരിയലിൽ തിരക്കായപ്പോൾ മുതൽ ഇങ്ങനെയാണെങ്കിലും ഇപ്പോൾ വല്ലാത്ത അകലം. മനസുകൊണ്ട് അകന്നില്ലെങ്കിലും ആ സാമീപ്യം ഇപ്പോൾ അത്ര ലഭിക്കാറില്ല.

ആരോട് പരാതി പറയാൻ.. സ്നേഹേച്ചിയുടെ ചേച്ചിയും അമ്മയുമൊക്കെ തിരക്കിലാണ്. എന്താണിത്ര തിരക്കെന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. തീരെ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടാൽ ഞാനിവിടുണ്ടേ എന്ന് വിളിച്ചു പറഞ്ഞ് അടുക്കളയിലും ഡൈനിംഗ് ഹാളിലും ലിവിംഗ് റൂമിലുമൊക്കെ കറങ്ങി നടക്കും. രണ്ട് ദിവസമായി ടിവി തുറക്കാത്തതുകൊണ്ട് സീരിയലും കാണാനാവുന്നില്ല. എന്നാലും എന്താവും സ്നേഹേച്ചിക്ക് എന്നോട് ഇത്ര അകലം വരാൻ? എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല. ഇനി കലം തട്ടി മറിച്ചതാവുമോ കാരണം? അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എത്ര പറഞ്ഞിട്ടും ഇവർക്കൊന്നും ബോധ്യമായില്ലേ? എന്നെ ഇങ്ങനെ സംശയിക്കണോ? ഒന്നുമില്ലെങ്കിലും എത്ര കാലമായി ഇവരുടെ നി‍ഴലായി ക‍ഴിയുന്നു.
അയലത്തെ വീട്ടിലെ അഹങ്കാരി ചെക്കൻ വേദനിപ്പിക്കും വിധം പിടിച്ചിട്ടും ഒരു കടികൊടുക്കാത്തത് വീട്ടുകാരെ മാത്രം പരിഗണിച്ചാണ്. ഞാനായിട്ട് ഒരു പേരുദോഷം വരുത്തരുതല്ലോ. റോഡിനങ്ങു നിന്ന് നീട്ടി മുരളുന്ന കണ്ടൻ പൂച്ചയെ മൈൻഡ് പോലും ചെയ്യാത്തത് ആഗ്രഹമില്ലാത്തതുകൊണ്ടല്ല. വീട്ടുകാരെ ഓർത്തുമാത്രമാണ്. ആ എന്നെയാണ് ഇപ്പോൾ പുല്ലുപോലെ ഇവർ പരിഗണിക്കുന്നത്. എന്താവും കാരണം?

രണ്ട് ദിവസമായി വീട്ടിൽ ആ‍ളുകളുടെ ബഹളമാണ്. എന്തിനാണ് ഈ മനുഷ്യർ ഇങ്ങനെ കലപില കൂട്ടി നടക്കുന്നത്. തിന്നുക,കളിക്കുക,ഉറങ്ങുക ഇതൊക്കെയാണ് എനിക്കിഷ്ടം. ഈ മനുഷ്യർക്കാകട്ടെ ആകെ ഒരു വെപ്രാളമാണ്. ഈ നശ്വരമായ ജീവിതത്തിൽ അല്പമെങ്കിലും സ്വസ്ഥമായി ഇരിക്കണ്ടേ? രണ്ടു ദിവസം ക‍ഴിഞ്ഞു സ്നേഹേച്ചിയുടെ ഒരു വിളി പോലും കിട്ടാതെയായിട്ട്. അമ്മയൊക്കെ സംസാരിക്കുമ്പോൾ അങ്ങേ തലക്കൽ സ്നേഹേച്ചിയാണെന്ന് മനസിലാവുന്നുണ്ട്. ഇടക്ക് അമ്മയുടെ സംസാരത്തിൽ നിന്ന് കേട്ടതാണ്. ഏതോ ഒരു ശ്രീകുമാർ വരുന്നുണ്ടത്രേ. ആളു കേമനാണെന്ന് അമ്മ ചേച്ചിയോട് പറയുന്നതും കേട്ടു. ഇനി തനിക്കുളള സ്നേഹം സ്നേഹേച്ചി ശ്രീകുമാറിന് മറിച്ചു കൊടുത്തോ?

എല്ലാം കൊണ്ടും ഭ്രാന്ത് പിടിക്കുന്ന ദിവസങ്ങൾ.വീട്ടിൽ ബഹളം കുറഞ്ഞു,ഇപ്പോൾ വീട്ടുകാർ മാത്രമാണ് ഉളളത്. സ്നേഹേച്ചിയെ കുറിച്ചും ശ്രീകുമാറിനെ കുറിച്ചും തന്നെയാണ് വീട്ടുകാരുടെ സംസാരം. അന്ന് വീട്ടിൽ ടിവി വെയ്ക്കുമെന്ന് കരുതിയില്ല. വെറുതെ കറങ്ങി നടക്കുമ്പോ‍ഴാണ് ശ്രദ്ധിച്ചത് ടിവി ഓണാണ്. എല്ലാവരും കാണുന്നത് കൈരളി ടിവി. എന്നാൽ ടിവി കാണൽ പുനരാരംഭിക്കാം. ഒന്നും നോക്കിയില്ല,സോഫയിലേക്ക് വലിഞ്ഞു കയറി. അതിന് തനിക്കാരോടും ചോദിക്കേണ്ടതില്ലല്ലോ? തനിക്കായി സ്നേഹേച്ചി പതിച്ച് തന്നയിടമല്ലേ ആ സോഫ.

ജെബി ജംഗ്ഷനാണ് കൈരളിയിൽ. ശനിയാ‍ഴ്ച രാത്രി 8 മണി ക‍ഴിഞ്ഞു കാണും.ജോൺ ബ്രിട്ടാസിതാ സ്നേഹേച്ചിയെ സ്വീകരിച്ചിരുത്തുന്നു.ഒപ്പം മുടിയൊക്കെ വളർത്തിയ ഒരു ചേട്ടനും. രണ്ടു പേരും കൊ‍ളളാമല്ലേ അമ്മയുടെ ആത്മഗതം. ശ്രീകുമാറിന്‍റെ ഡ്രസ് കൊള്ളാം. ചേച്ചിയുടെ ശബ്ദം കേട്ട് ഞാനാളെ തിരിച്ചറിഞ്ഞു. അപ്പോൾ ഇതാണ് ശ്രീകുമാർ. ഇങ്ങോരെന്തിനാണ് സ്നേഹേച്ചിയുടെ ഒപ്പം?

എന്നിലെ കുശുമ്പി മനസിൽ പിറുപിറുത്തു. അപ്പോൾ ജോൺ ബ്രിട്ടാസിന്‍റെ ഇൻട്രോ കണ്ടു,വിവാഹിതരായ സ്നേഹക്കും ശ്രീകുമാറിനും ജെബി ജംഗ്ഷനിലേക്ക് സ്വാഗതം. ഓ അപ്പോൾ ഇതാണ് കാര്യം, സ്നേഹേച്ചിയുടെ കല്ല്യാണം. പച്ചക്കറി മാത്രം മതിയെന്ന് ശാഠ്യം പിടിക്കുന്ന സ്നേഹേച്ചി കല്ല്യാണത്തിനെങ്കിലും ഒരു ചിക്കൻ ഫ്രൈ തരുമെന്ന് പ്രതീക്ഷിച്ചിരുന്നു.ആ സാരമില്ല എന്നാൽ ഇനി സ്നേഹേച്ചിയുടേയും ശ്രീകുമാറേട്ടന്‍റേയും വിവാഹ വിശേഷമറിയാം – മിക്കി മോൾ നിർനിമേഷയായി ടിവിയിലേക്ക് നോക്കിക്കിടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News