പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും; മുഖ്യമന്ത്രി

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ അഭിമാനമായി പ്രവര്‍ത്തിച്ച നവരത്ന സ്ഥാപനങ്ങള്‍വരെ വില്‍ക്കുകയാണ്.

ഏറ്റവും നല്ലത് വിറ്റാല്‍ കൂടുതല്‍ കാശു കിട്ടുമെന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘടനയായ സ്പാറ്റോയുടെ സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രനയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ പലവിധ ഭീഷണിയാണ് നേരിടുന്നത്. സ്ഥാപനങ്ങളുടെ പൊതുമേഖലാ സ്വഭാവം നഷ്ടപ്പെടുത്തി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
|
എന്നാല്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിനുതകുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അത് വന്‍ വിജയകരവുമാണെന്നാണ് കഴിഞ്ഞ കാലങ്ങളില്‍ തെളിയിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം നികത്താനും മൊത്തത്തില്‍ ലാഭത്തിലേക്കു കൊണ്ടുവരാനും സര്‍ക്കാരിനു കഴിഞ്ഞു.

ഓരോ സ്ഥാപനത്തിനും കുറ്റമറ്റ മാനേജ്മെന്റ് സംവിധാനമുണ്ടാക്കുക, വളര്‍ച്ചയ്ക്ക് ഉതകുംവിധം ഇടപെടാനുള്ള സംവിധാനമൊരുക്കുക, കൃത്യമായ പരിശോധന സംവിധാനമുണ്ടാക്കുക എന്നൊക്കെയുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് ഇത്തരത്തിലൊരു വിജയം ഉണ്ടായത്.

കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ പാടില്ല എന്ന് സംസ്ഥാനം പറയുമ്പോള്‍ ചെയ്തേ അടങ്ങൂ എന്ന നിര്‍ബന്ധത്തിലാണ് കേന്ദ്രം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഞങ്ങളെ എല്‍പ്പിക്കൂ ഞങ്ങള്‍ നടത്താം എന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

അതിനും പലവിധ ഉടക്കുകളുമായി വരികയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. സ്പാറ്റോ പ്രസിഡന്റ് വി സി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നിമല്‍ രാജ് സ്വാഗതവും ജനറല്‍ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News