മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുത്; ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സാവിത്രി ശ്രീധരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നടി സാവിത്രി ശ്രീധരന്‍. ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നുവെന്നും സാവിത്രി പറഞ്ഞു. മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സാവിത്രിക്ക് ലഭിച്ചത്.

തന്റെ പ്രതിഷേധം ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതിനെതിരെയാണ്. എല്ലാ മതത്തിലും പെട്ടവര്‍ക്കും ഒരുമതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരനായി ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

ഇന്ന് രാജ്യത്തിന് ആവശ്യം മതേതരത്വ-ജനാധിപത്യ കൂട്ടായ്മാണ്. അതാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും സാവിത്രി പറഞ്ഞു. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന സാവിത്രിയുടെ തീരുമാനത്തിന് പിന്തുണയുമായി നടി റീമാ കല്ലിങ്കലും രംഗത്തെത്തി.

പൗരത്വ ഭേദഗതി നിയമം-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ നേരത്തെ അറിയിച്ചിരുന്നു.

സംവിധായകനായ സകരിയയും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനിൽക്കുകയെന്നാണ് ഫേസ്ബുക്കിലൂടെ ആദ്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സാവിത്രി ശ്രീധരനും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here