സംസ്ഥാനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു; 2 മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം കൈമാറി കേന്ദ്രം

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു. സംസ്ഥാനങ്ങൾക്കുള്ള 2 മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം കൈമാറി. ഈ ആഴ്ച നടക്കാൻ ഇരിക്കുന്ന ജിഎസ് ടി കൗണ്സിൽ യോഗത്തിലെ പ്രതിഷേധം ഭയന്ന് കൂടിയാണ് തീരുമാനം. ഒക്ടോബർ, നവംബർ നഷ്ടപരിഹാരവും ഉടൻ നൽകണം എന്ന് സംസ്ഥാനങ്ങൾ ജിഎസ്ടി കൗണ്സിലിൽ ഉന്നയിക്കും

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ജി എസ് ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുകയായിരുന്നു. ഇതിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതൃപ്തി അറിയിക്കുകയും സുപ്രീംകോടതിയെ സമീപിക്കും എന്ന് കേന്ദ്രത്തിന് താക്കീതും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നഷ്ടപരിഹാരം കേന്ദ്രം തിങ്കളാഴ്ച സംസ്ഥാനങ്ങൾക്ക് കൈമാറിയത്.

ഈ ആഴ്ച നടക്കാൻ ഇരിക്കുന്ന ജി എസ് ടി കൗണ്സിൽ യോഗത്തിലെ സംസ്ഥാനങ്ങൾ പ്രതിഷേധം അറിയിക്കാനിരിക്കെ കൂടിയാണ് തുക വിതരണം ചെയ്യാൻ സർക്കാർ തയ്യാറായത്. 35298 കോടി രൂപയാണ് ആകെ വിതരണം ചെയ്തിട്ടുള്ളത്. കൈമാറിയതുക സ്ഥിരീകരിച്ചു കൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്‌സ് ട്വീറ്റ് ചെയ്തു.

എന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. നഷ്ടപരിഹാര തുക ലഭിച്ചു എങ്കിലും ഇവ കൈമാറുന്നതിന് കേന്ദ്രം വലിയ കാലതാമസം വരുത്തുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് സംസ്ഥാനങ്ങൾ കൗണ്സിലിൽ ചൂണ്ടിക്കാട്ടും.

ഇത് കൂടാതെ ഒക്ടോബർ, നവംബർ മാസങ്ങളിലെ നഷ്ടപരിഹാരവും ഉടൻ നൽകണം എന്ന് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ യോഗത്തിൽ ആവശ്യപ്പെടും. കേരളത്തിന് മാത്രം സെപ്തംബര് ഒക്ടോബർ മാസത്തെ ജി എസ് ടി നഷ്ടപരിഹാര തുകയായി 1600 കോടി ലഭിക്കാൻ ഉണ്ട്. ഇത് കൂടാതെ മറ്റ് ഇനങ്ങളിൽ 3000 കോടി രൂപയും സംസ്ഥാനത്തിന് ലഭിക്കാൻ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News