പൗരത്വ ഭേദഗതി നിയമം; മുംബൈയിലും പ്രക്ഷോഭം ശക്തം

ഭരണഘടന വിരുദ്ധമായ പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മുംബൈയിൽ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചു പ്രതിഷേധ സമരവുമായി തെരുവിലിറങ്ങിയത്.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, ബോംബെ ഐ ഐ ടി, മുംബൈ യൂണിവേഴ്സിറ്റി തുടങ്ങിയ കലാലയങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ വർഗീയ ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കി മുംബൈയിൽ പ്രതിഷേധ ജാഥ നടത്തി. നിരവധി മലയാളി വിദ്യാർത്ഥികളും മുംബൈയിലെ വിവിധയിടങ്ങളിലായി നടന്ന പ്രക്ഷോഭങ്ങളിൽ ഭാഗമായി.

രാജ്യത്തെ പൗരന്മാരെ മതത്തിന്റെയും വംശീയതയുടെയും പേരിൽ വിഭജിക്കുന്ന ദേശീയ പൗരത്വനിയമം ഭരണഘടനാ വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ് എന്ന് വിളിച്ചു പറയാൻ വിദ്യാർത്ഥികൾ കാണിക്കുന്ന ചങ്കൂറ്റം ലോകത്തിനു തന്നെ മാതൃകയാണ് .

ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുംബൈ മലയാളികളും

തിരുവനന്തപുരത്തു നടത്തുന്ന സംയുക്ത സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുംബൈയിൽ ആസാദ് മൈദാനിയിൽ മുംബൈ മലയാളി സമൂഹം ധർണ്ണ സംഘടിപ്പിച്ചു

മുംബൈ ആസാദ് മൈതാനിയിൽ നടന്ന ധർണയിൽ ആയിരത്തിലധികം മലയാളികളാണ് തിരുവനതപുരത്ത് നടന്ന സംയുക്ത സത്യാഗ്രഹത്തിന് ഐക്യദാർഢ്യവും പ്രഖാപിച്ചു കൊണ്ട് പങ്കാളികളായത്.

സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധ ശബ്ദങ്ങൾക്കാണ് മുംബൈ നഗരവും സാക്ഷ്യം വഹിച്ചത്.

മുംബൈയിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങൾ, മലയാളി സംഘടനാ പ്രവർത്തകർ, സാംസ്കാരിക സാഹിത്യകലാപ്രവർത്തകർ എന്നിവരെല്ലാം കക്ഷിരാഷ്ട്രീയഭേദമെന്യേയാണ് ധർണയിൽ പങ്കെടുത്തത്.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കും ഭാരതീയരുടെ പരസ്പര സഹോദര്യത്തിനും മാരകമായ പരിക്കേൽപ്പിക്കുന്ന ഭരണഘടനാ ഭേദഗതി പിൻവലിക്കണമെന്ന ആവശ്യമാണ് ധർണ ഉയർത്തിപ്പിടിച്ചത്.

ഇന്ത്യയുടെ ഹൃദയം തകരാൻ ഇടയാക്കുന്ന ദൗർഭാഗ്യകരമായ നിയമനിർമ്മാണത്തിൽ നിന്ന് ഭരണാധികാരികളെ പിന്തിരിപ്പിക്കാനായി മഹാ നഗരത്തിൽ നടത്തിയ ധർണയിൽ മുംബൈ മലയാളികളുടെ ശബ്ദവും ഉയർന്ന് കേട്ടു .

ആസാദ് മൈതാനത്ത് നടന്ന ധർണയിൽ ലോക കേരള സഭാംഗങ്ങളായ പ്രിൻസ് വൈദ്യൻ, ടി എൻ ഹരിഹരൻ, എസ് കുമാർ, എം എ ഖാലിദ്, പി കെ ലാലി, പി ഡി ജയപ്രകാശ്, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, മാത്യു തോമസ്, സി ഐ ടി യു വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണൻ, കോൺഗ്രസ് നേതാവ് കുമാരൻ നായർ, ജോജോ തോമസ്, വിരേന്ദ്ര ബക്ഷി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News