സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ സ. മുഹമ്മദ് അമീൻ നഗറിൽ തുടങ്ങുകയാണ്; അധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് സമ്മേളനം നടക്കുന്നതെന്ന് എളമരം കരീം

സിഐടിയു സംസ്ഥാന സമ്മേളനം 17, 18, 19 തീയതികളിൽ ആലപ്പുഴയിൽ സ. മുഹമ്മദ് അമീൻ നഗറിൽ നടക്കുകയാണ്. 22.2 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 608 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിലാളി സംഘടനയാണ് സിഐടിയു. 983 ട്രേഡ് യൂണിയനാണ് സിഐടിയുവിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. പരമ്പരാഗത ‐ അസംഘടിത, സംഘടിത‐ സേവന മേഖലകളിലെ തൊഴിലാളികളുടെ സംഘടനകളാണിവ. സിഐടിയു അംഗസംഖ്യയിൽ 7,85,127 പേർ സ്ത്രീ തൊഴിലാളികളാണ്.

സ്വാതന്ത്ര്യസമരകാലത്തുതന്നെ, കേരളത്തിൽ ട്രേഡ് യൂണിയനുകൾ രൂപംകൊണ്ടിരുന്നു. ആലപ്പുഴയിലെ മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ സംസ്ഥാനത്തെ ആദ്യത്തെ ട്രേഡ് യൂണിയനാണ്. കോഴിക്കോട്ടും കണ്ണൂരിലും ഇതേ കാലത്തുതന്നെ ട്രേഡ് യൂണിയനുകൾ രൂപംകൊണ്ടിരുന്നു. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ തൊഴിലാളിവർഗം കേരളത്തിൽ നിർണായക പങ്കുവഹിച്ചു. ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിൽ കയർത്തൊഴിലാളികൾ ഉൾപ്പെടെ തൊഴിലാളിവർഗം വഹിച്ച പങ്ക് അവിസ്മരണീയമാണ്.

ഈ സമ്മേളനം നടക്കുന്ന കാലം, ലോകം മുഴുവൻ തൊഴിലാളിവർഗം മുതലാളിത്ത ചൂഷണത്തിനെതിരെ ചെറുത്തുനിൽപ്പ് സമരം നടത്തിവരികയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം ലോകമുതലാളിത്തം അധ്വാനിക്കുന്ന ജനതയുടെമേൽ നിർദയമായ ചൂഷണമാണ് നടത്തുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപ്പാദന വ്യവസായങ്ങളെ വിഘടിപ്പിച്ചു.

സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ ദുർബലമാക്കാൻ ഇതുമൂലം അവർക്ക് കഴിഞ്ഞു. ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ, തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുത്തു. തൊഴിൽ സമ്പ്രദായത്തെ മാറ്റിമറിച്ചു. സ്ഥിരം ജോലി കുറയുകയും കരാർ‐ താൽക്കാലിക ജോലികൾ വർധിക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകൾ ദുർബലമായി. ഇതിന്റെയെല്ലാം ഫലമായി തൊഴിലാളികളുടെ വേതനം കുറഞ്ഞു. അധ്വാനം സൃഷ്ടിക്കുന്ന സമ്പത്ത് ഗണ്യമായ തോതിൽ ഒരു പിടി കുത്തകകളിൽ കേന്ദ്രീകരിച്ചു. ജനങ്ങൾക്കിടയിലെ സാമ്പത്തിക അസമത്വം ഗണ്യമായി വർധിച്ചു.

സമ്പത്തിനുമേൽ തങ്ങളുടെ അധീശത്വം സ്ഥാപിക്കാൻ സാമ്രാജ്യത്വം സ്വതന്ത്ര‐ പരമാധികാര രാഷ്ട്രങ്ങളുടെമേൽ സായുധ കടന്നാക്രമണം നടത്തി. പശ്ചിമേഷ്യ യുദ്ധക്കളമായി. കുത്തകമൂലധന ശക്തികൾക്കെതിരെ ലാറ്റിനമേരിക്കയിൽ ഉയർന്നുവന്ന ഇടതുപക്ഷ‐ ജനാധിപത്യ പ്രസ്ഥാനങ്ങളെ നിർദാക്ഷിണ്യം അടിച്ചമർത്താൻ സാമ്രാജ്യത്വം തുനിഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സർക്കാരുകളെ അട്ടിമറിക്കാനും സാമ്രാജ്യത്വം ശ്രമിച്ചു. ആഗോളവൽക്കരണ നയങ്ങളിലൂടെ ലോകബാങ്ക്‐ ഐഎംഎഫ്, ലോകവ്യാപാര സംഘടന എന്നീ സാമ്രാജ്യത്വ സ്ഥാപനങ്ങളെ ഉപയോഗിച്ച് ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെമേൽ തങ്ങളുടെ നീരാളിപ്പിടിത്തം സാമ്രാജ്യത്വം ശക്തിപ്പെടുത്തി. സോഷ്യലിസ്റ്റ് ആശയങ്ങൾക്കെതിരെ കടുത്ത പ്രത്യയശാസ്ത്ര ആക്രമണം അഴിച്ചുവിട്ടു.

മുതലാളിത്ത വ്യവസ്ഥയുടെ “അജയ്യത’യിൽ അഹങ്കരിച്ചിരുന്ന സാമ്രാജ്യത്വത്തെ അമ്പരപ്പിച്ച സംഭവമാണ് 2007‐08 ലെ സാമ്പത്തിക പ്രതിസന്ധി. അമേരിക്കയിൽ നിന്നാരംഭിച്ച പ്രതിസന്ധി, ലോകമാകെ വ്യാപിച്ചു. ബാങ്കുകളും വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് തൊഴിലുകൾ നഷ്ടപ്പെട്ടു. മുതലാളിത്തവ്യവസ്ഥയുടെ തനിനിറം ജനങ്ങളുടെ മുമ്പിൽ തുറന്നുകാട്ടപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ മുതലാളിത്ത ഭരണകൂടങ്ങൾ ആവിഷ്കരിച്ച നയങ്ങൾ ജനങ്ങളുടെമേൽ വലിയ ആഘാതമായി മാറി. വേതനവും പെൻഷനും മറ്റാനുകൂല്യങ്ങളും കുറവു വരുത്തുന്ന നടപടികളെ തൊഴിലാളിവർഗം ചെറുക്കാൻ മുന്നോട്ടുവന്നു. യൂറോപ്പിലാകെ വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. വർത്തമാനകാലത്ത് മിക്ക രാജ്യങ്ങളിലും തൊഴിലാളിവർഗത്തിന്റെയും മറ്റ് ജനവിഭാഗങ്ങളുടെയും സമരങ്ങൾ നടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഇന്ത്യൻ തൊഴിലാളിവർഗം ജനുവരി എട്ടിന് ദേശീയ പണിമുടക്ക് തീരുമാനിച്ചത്. 2014ൽ ഒന്നാം മോഡി സർക്കാരിന്റെ ഭരണകാലത്ത് മൂന്ന് ദേശീയ പണിമുടക്കാണ് രാജ്യത്ത് നടന്നത്. കുത്തക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നവ‐ ഉദാരവൽക്കരണ നയങ്ങൾക്കെതിരായിട്ടാണ് ഈ സമരങ്ങൾ. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയതോടെ, മോഡി സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങൾക്ക് വേഗതകൂടി.

പൊതുമേഖല സമ്പൂർണമായി സ്വകാര്യവൽക്കരിക്കാൻ നീക്കം
രാജ്യത്തെ തന്ത്രപ്രധാനമായ പൊതുമേഖല സമ്പൂർണമായി സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ നീക്കം. മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ന്യൂനപക്ഷം ഓഹരികൾ വിൽക്കലായിരുന്നു പരിപാടിയെങ്കിൽ ഇപ്പോൾ അവയെല്ലാം പൂർണമായി സ്വകാര്യകുത്തകകളെ ഏൽപ്പിക്കുകയാണ്. ബിപിസിഎൽ, ബിഇഎംഎൽ, എയർഇന്ത്യ, എച്ച്പിസി തുടങ്ങിയവയെല്ലാം വിൽക്കാനുള്ള നടപടികൾ ആരംഭിച്ചു.

പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ ഉൽപ്പാദനശാലകളും റെയിൽവേയുടെ ഉൽപ്പാദന സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു. റിലയൻസ് ജിയോക്കുവേണ്ടി ബിഎസ്എൻഎല്ലിനെ തകർത്തുകൊണ്ടിരിക്കുകയാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വകാര്യകുത്തകകൾക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി, കൽക്കരി മേഖലകളും സ്വകാര്യവൽക്കരണ ഭീഷണിയിലാണ്. ഇന്ത്യയുടെ സ്വാശ്രയത്വത്തെ ദുർബലമാക്കുന്നതാണ് പൊതുമേഖലാ സ്വകാര്യവൽക്കരണം.

രാജ്യത്തെ തൊഴിൽ നിയമങ്ങൾ മുതലാളിവർഗത്തിനനുകൂലമായി ഭേദഗതി ചെയ്യുകയാണ്. 44 നിയമത്തെ നാല് കോഡാക്കി മാറ്റാനാണ് തീരുമാനിച്ചത്. അതിൽ ഒന്ന്‐ കോഡ് ഓൺ വേജസ്‐ പാർലമെന്റ് പാസാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ബൂർഷ്വാ പാർടികൾ സർക്കാരിനെ പിന്തുണച്ചു. അവശേഷിക്കുന്ന മൂന്ന് കോഡ് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാക്കാനാണ് നീക്കം.

പാസാക്കിയ “കോഡ് ഓൺ വേജസ്’ എന്ന നിയമം, മിനിമം വേതന വ്യവസ്ഥയെ ദുർബലമാക്കി. ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ച പ്രകാരം, തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 18,000 രൂപ (പ്രതിദിനം 600 രൂപ) ആയി നിജപ്പെടുത്തണമെന്നാണ് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. വേജ് കോഡിൽ പറയുന്നത് പ്രതിദിനം 174 രൂപയിൽ കുറയാത്ത മിനിമം വേതനം എന്നാണ്.

ജോലി സമയം ദിവസത്തിൽ 9 മണിക്കൂറായിരിക്കുമെന്നും കോഡ് ഓൺ വെയ്ജസിന്റെ ചട്ടങ്ങളിൽ പറയുന്നു. ഒരു ദിവസം പണിമുടക്കിയാൽ എട്ട് ദിവസത്തെ കൂലി പിടിച്ചുവയ്ക്കാൻ ഈ നിയമം തൊഴിലുടമകൾക്ക് അവകാശം നൽകുന്നു. ബാക്കി വരാൻപോകുന്ന മൂന്ന് കോഡിലെ വ്യവസ്ഥകളും കടുത്ത തൊഴിലാളിവിരുദ്ധമാണ്.

വികസന മുദ്രാവാക്യമുയർത്തി അധികാരത്തിൽ വന്ന മോഡി ഭരണത്തിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജിഡിപി വളർച്ച എട്ട് ശതമാനം പ്രതീക്ഷിച്ചിരുന്നുവെങ്കിൽ ഈ വർഷം അത് 4.3 ശതമാനമായി കുറഞ്ഞു. വ്യവസായ വളർച്ചനിരക്ക് ഇടിഞ്ഞു. തൊഴിലില്ലായ്മ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. വ്യവസായ തകർച്ചമൂലം ഏകദേശം ഒരുകോടിയോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കാർഷികമേഖലയും തകർച്ചയിലാണ്.

അധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണം
മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളികൾ ദേശീയതലത്തിലുള്ള സമരങ്ങൾക്ക് നിർബന്ധിതരായി. വ്യവസായ മേഖലകളിലെ സമരങ്ങളും നടക്കുന്നു. നാൾക്കുനാൾ ശക്തിപ്പെട്ടുവരുന്ന തൊഴിലാളിസമരങ്ങൾ സർക്കാരിനെ ആശങ്കയിലാക്കുന്നു. തൊഴിലാളികളുടെയും ജനങ്ങളുടെയും ഐക്യം തകർക്കുക എന്ന ലക്ഷ്യംവച്ചാണ് ബിജെപിയും സംഘപരിവാറും വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്.

രണ്ടാം മോഡി സർക്കാർ പാർലമെന്റിൽ പാസാക്കിയെടുത്ത ചില നിയമങ്ങൾ, ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യംവച്ചാണ്. മുത്തലാഖ് നിരോധനം, യുഎപിഎ ഭേദഗതി, കശ്മീർ സംസ്ഥാന വിഭജനം, പൗരത്വ ഭേദഗതിനിയമം എന്നിവയെല്ലാം ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്കെതിരാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത‐ ജനാധിപത്യം, പൗരാവകാശം, സമത്വം എന്നീ തത്വങ്ങളെല്ലാം മോഡി സർക്കാർ കാറ്റിൽ പറത്തി.

ഈ സാഹചര്യത്തെ നേരിടാൻ കഴിയണമെങ്കിൽ അധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണം. ജീവിതപ്രശ്നങ്ങളെ ആസ്പദമാക്കിയ സമരങ്ങളിലൂടെയാണ് ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുക. തൊഴിലാളിവർഗത്തിന് ഈ കാര്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് സിഐടിയു പ്രവർത്തിക്കുന്നത്. “”തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമാകുന്ന നയങ്ങൾ തിരിച്ചറിയുക, പ്രസ്തുത നയങ്ങൾക്കാധാരമായ രാഷ്ട്രീയമെന്താണെന്ന് മനസ്സിലാക്കുക” എന്ന മുദ്രാവാക്യമുയർത്തിയാണ് സിഐടിയു തൊഴിലാളികളെ സമീപിക്കുന്നത്.

നഗര‐ ഗ്രാമ വ്യത്യാസമില്ലാതെ അസംഘടിത മേഖലയിലും സംഘടിത വ്യവസായങ്ങളിലും തൊഴിൽ ചെയ്യുന്ന ഓരോരുത്തരിലേക്കും എത്തിച്ചേരാനാണ് സിഐടിയു ലക്ഷ്യംവച്ചിരിക്കുന്നത്. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ സിഐടിയു സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. ആലപ്പുഴ സമ്മേളനം സിഐടിയുവിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News