സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ എബിവിപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്.

ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയും എബിവിപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ഭരത് ശര്‍മ്മയാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥിയെ ഭാരത് ശര്‍മ്മ ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നേരത്തെ, ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചവരിലും ഭരത് ശര്‍മയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ദില്ലി പൊലീസിനൊപ്പം എത്തിയ, ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വടി കൊണ്ട് വിദ്യാര്‍ഥികളെ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആരാണ് ഇയാളെന്ന ചോദ്യമുയര്‍ത്തി പലരും രംഗത്തുവന്നിരുന്നു.

എന്നാല്‍ കൃത്യമായ വിശദീകരണം ലഭിച്ചില്ല. ഇതിനിടെ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ ഉയര്‍ത്തിയ ഈ ചോദ്യത്തിന് നിരവധി പേരാണ് പ്രതികരണവുമായി വന്നത്.

എബിവിപി നേതാവ് ഭരത് ശര്‍മയാണ് സിവില്‍ വേഷത്തില്‍ പൊലീസിനൊപ്പം വന്നത് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സിവില്‍ വേഷത്തില്‍ ഒട്ടേറെ പേര്‍ പൊലീസിനൊപ്പം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.

അതേസമയം, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. കസ്റ്റഡിയില്‍വെച്ച് പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. സ്റ്റേഷനിനുള്ളില്‍ നഗ്‌നരാക്കിയശേഷം പൊലീസ് ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് ശരീരത്തില്‍ മൂന്ന് പൊട്ടലുകളുണ്ട്. മറ്റുള്ളവര്‍ക്കും ശരീരത്തില്‍ സാരമായ പരുക്കേറ്റിട്ടുണ്ടെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here