വിദ്യാര്‍ത്ഥി പ്രക്ഷോഭം മോദി യുഗത്തിന്റെ അവസാനമോ?

ഡിസംബര്‍ 15ന് ജാമിയ മിലിയ ഇസ്ലാമിയയില്‍ പൊലീസ് കടന്നു കയറി വിദ്യാര്‍ത്ഥികളെ വേട്ടയാടി. ഇതിനുളള പ്രതികരണം പ്രധാനമന്ത്രിയുടേതായി വന്നത് ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല എന്നായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന പൗരത്വ നിയമത്തിന്മേലുളള പ്രക്ഷോഭത്തെക്കുറിച്ചായിരുന്നു.

അതേസമയം നരേന്ദ്രമോഡിയുടെ വെബ്സൈറ്റ് നവനിര്‍മ്മാണ്‍ പ്രസ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു.1974ല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ മുഴുവന്‍ പട്ടണങ്ങളും സ്തംഭിപ്പിച്ചപ്പോള്‍ അതില്‍ മോഡിയുടെ റോള്‍ പറയുകയായിരുന്നു വെബ്സൈറ്റ്.

‘ബഹുജനപ്രക്ഷോഭത്തില്‍ നരേന്ദ്രമോഡിയുടെ ആദ്യ മൂര്‍ത്തമായ അനുഭവം ആയിരുന്നു അത്.സാമൂഹ്യവിഷയങ്ങളില്‍ ഒരു ലോകവീക്ഷണം മോഡിക്ക് കിട്ടാന്‍ ഈ പ്രക്ഷോഭം സഹായകരമായി.”

”നരേന്ദ്രമോഡിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി ഒരു സംഘടനാ സ്ഥാനം ലഭിക്കുന്നത് ഈ പ്രക്ഷോഭത്തിലാണ്.”-വെബ്സെെറ്റ് പറയുന്നു.

1975ല്‍ ഗുജറാത്തില്‍ ലോക സംഘര്‍ഷ് സമിതിയുടെ ജനറല്‍ സെക്രട്ടറിയായി മോഡി ചുമതലയേറ്റു. 1973ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ എല്‍ഡി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കാന്റീന്‍ ചാര്‍ജ് വര്‍ധിപ്പിച്ചതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരം ആരംഭിച്ചു.പൊലീസ് മര്‍ദനത്തിലൂടെ സമരം തല്ലിതകര്‍ക്കാന്‍ നോക്കിയത് തിരിച്ചടിയായി.സമരം ക്യാംപസ് വിട്ട് പുറത്തിറങ്ങി.

അത് സംസ്ഥാന സര്‍ക്കാരിനെതിരെയുളള പോര്‍വിളിയായി. വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ വാഹനങ്ങളും വസ്തുക്കളും ആക്രമണത്തിനിരയാക്കി.

ഭയന്ന ചിലര്‍ രാജിവെച്ച് ജീവനും കൊണ്ടോടി.സൈന്യം രംഗത്തിറങ്ങുന്നതു വരെ അഹമ്മദാബാദില്‍ അക്രമ പരമ്പര തന്നെ അരങ്ങേറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ഒരു വിധത്തിലും ശമിപ്പിക്കാനായില്ല.

”ചെറുപ്പക്കാരനായ പ്രചാരകന്‍ എന്ന നിലയിലും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയിലും തന്റെ കടമ ഭംഗിയായി മോഡി നിര്‍വഹിച്ചു.”- വെബ്സൈറ്റ് തുടരുന്നു.

അതേസമയം പാറ്റ്നയില്‍ അതിനേക്കാള്‍ തീഷ്ണമായ പ്രക്ഷോഭം അരങ്ങേറുകയായിരുന്നു.മാര്‍ച്ച് 18ന് വിദ്യാര്‍ത്ഥികള്‍ ബിഹാര്‍ നിയമസഭ ഉപരോധിച്ചു.പൊലീസുമായി ഏറ്റുമുട്ടിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ തീയിട്ടു.

ഒരു പൊതുസംഭരണ ശാല കത്തിച്ചു.രണ്ട് പത്രമാഫീസുകള്‍ക്ക് തീവെച്ചു.ബിഹാറില്‍ സമരം അതിശക്തമായപ്പോള്‍ സമരനായകത്വം വഹിക്കാന്‍ ഒരു നേതാവെത്തി.പേര് ജെപി എന്ന ജയപ്രകാശ് നാരായണ്‍.തങ്ങളെ നയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ആനയിച്ചു.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ പഴയ സുഹൃത്തായിരുന്നു ജെപി.എന്നാല്‍ നെഹ്രുവിന്റെ മകള്‍ ഇന്ദിരയുടെ ശക്തനായ വിമര്‍ശകനും.ഇന്ദിര പാര്‍ട്ടിയേയും സംവിധാനത്തേയും കുടുംബ സ്വത്താക്കി അടക്കി വാഴുന്നുവെന്നായിരുന്നു ജെപിയുടെ വിമര്‍ശനം.ബിഹാറില്‍ വെച്ച് ഇന്ത്യയുടെ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരെ സമ്പൂര്‍ണ ക്രാന്തി അഥവാ സമ്പൂര്‍ണ വിപ്ലവം ജെപി പ്രഖ്യാപിച്ചു.

ബിജെപിയുടെ ആഹ്വാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പിന്‍പറ്റി.യഥാര്‍ത്ഥത്തില്‍ നിവനിര്‍മ്മാണ്‍പ്രക്ഷോഭം ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും മുമ്പ് തുടങ്ങിയിരുന്നു.സമ്പൂര്‍ണ വിപ്ലവ നീക്കം അതിന്റെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുമ്പോഴും അടിയന്തിരാവസ്ഥയെ കുറിച്ചുളള നേരിയ ചിന്ത പോലും ഇന്ദിരയുടെ ഉപദേശകര്‍ക്ക് ഉണ്ടായിരുന്നില്ല.

1975ന്റെ തുടക്കത്തില്‍ റെയില്‍വേമന്ത്രി എല്‍എന്‍ മിശ്ര ബിഹാറില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് അടിയന്തിരാവസ്ഥ സംബന്ധിച്ച ചിന്ത ഇന്ദിരയിലടക്കം ഉണര്‍ന്നത്.
അതിനും മാസങ്ങള്‍ക്ക് ശേഷമാണ് അടിയന്തിരാവസ്ഥ പിറന്നത്.

ഇന്ദിരക്കെതിരെ ഹൈക്കോടതി വിധിയുണ്ടാകുന്നു.ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ദിരയ്ക്ക് വിലക്കുണ്ടാകുന്നു.ജൂണ്‍ 23ന് ഇന്ദിര സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുന്നു.ബദലായി ന്യൂഡല്‍ഹിയില്‍ റാലി നടത്താന്‍ ജെപി ആഹ്വാനം ചെയ്യുന്നു.

സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ജെപി ആഹ്വാനം ചെയ്യുന്നു.എന്ത് ഉത്തരവുണ്ടായാലും നീതിക്ക് നിരക്കാത്തതൊന്നും ചെയ്യരുതെന്ന് സൈന്യത്തോടും പൊലീസിനോടും ജെപി ആദ്യമായി അഭ്യര്‍ത്ഥിക്കുന്നു.

പ്രധാനമന്ത്രിയുടെ വസതി പോലും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥ.

”പ്രധാനമന്ത്രിയുടെ വസതി ഞങ്ങള്‍ ആയിരങ്ങളാല്‍ വളയും.അവരെ ആരേയും കാണാന്‍ അനുവദിക്കില്ല.രാജിവെക്കുന്നതുവരെ വസതിക്ക് ചുറ്റും മുദ്രാവാക്യങ്ങളുമായി ഞങ്ങള്‍ തുടരും.”-മൊറാര്‍ജി ദേശായി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.ബിജെപിയെ ജെപി പ്രസ്ഥാനത്തിന്റെ ഉപോത്പന്നം എന്ന് വിളിക്കുന്നവരുണ്ട്.ജനസംഘ് 1980ല്‍ ബിജെപിയായി രൂപാന്തരപ്പെട്ടു.

2015ല്‍ അന്നത്തെ ധനമന്ത്രിയും കേന്ദ്രമന്ത്രിസഭയിലെ കരുത്തനുമായ അരുണ്‍ ജെയ്റ്റ്ലി 1970കളിലെ ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത് ‘മാറ്റങ്ങള്‍ക്ക് വേണ്ടിയുളള സഖ്യം’എന്നാണ്.2002ല്‍ ആദ്യ എന്‍ഡിഎ സര്‍ക്കാര്‍ ഒരു ട്രെയിനിന് ഇങ്ങനെ പേരിട്ടു.സമ്പൂര്‍ണക്രാന്തി എക്സ്പ്രസ്.അതിന്റെ റൂട്ടാകട്ടെ പറ്റ്നയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കും.ഇപ്പോള്‍ ഒരു വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിടുമ്പോള്‍ മോഡി സര്‍ക്കാര്‍ ഈ ചരിത്രത്തെ ബോധപൂര്‍വം മറക്കുന്നു.

അതേസമയം മോഡിയുടെ വെബ്സൈറ്റ് വിദ്യാര്‍ത്ഥികളുടെ അതിനിശിതമായ പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തുന്നു.അന്നൊരു പ്രധാനമന്ത്രിയെ താഴെ വീഴ്ത്താന്‍ മുന്‍പന്തിയില്‍ നിന്നത് വിദ്യാര്‍ത്ഥികളായിരുന്നു.

ആ പ്രക്ഷോഭത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഇന്നത്തെ പ്രധാനമന്ത്രി ഇന്ന് മറ്റൊരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നോക്കി പല്ലിളിക്കുന്നു.ചരിത്രം ആവര്‍ത്തിക്കുന്നുവോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News