പൊലീസ് മദ്രാസ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍; രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; സംഘര്‍ഷസാധ്യത; പ്രതിഷേധം തുടരും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ ചെന്നൈ പൊലീസ് മദ്രാസ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കയറി.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് തിങ്കളാഴ്ച വരെ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഉടന്‍ ഹോസ്റ്റലും ക്യാമ്പസും വിട്ടുപോകാന്‍ രജിസ്ട്രാര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ രാത്രിയും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഇതോടെയാണ് പൊലീസ് ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ചത്. പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ നിര്‍ദേശം.

അതേസമയം, രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധസമരം ആരംഭിച്ചത്. മദ്രാസ് ഐഐടിയിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയില്‍ വീണ്ടും പ്രതിഷേധം ഉടലെടുത്തു. കിഴക്കന്‍ ദില്ലിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ജനം സംഘടിച്ചത്.

സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സമരക്കാരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here