കേരളത്തിലെ ശീതകാല കൃഷിയുടെ വിളനിലമായ മറയൂർ – വട്ടവടയില്‍ സ്‌ട്രോബറിയുടെ വിളവെടുപ്പ് ആരംഭിച്ചു. കൃഷി വ്യാപിപ്പിക്കുന്നതിന് ആവശ്യമായ സഹായവുമായി കൃഷി വകുപ്പ് സജീവമാണ്. മറ്റ് കൃഷികളെ അപേക്ഷിച്ച് സ്‌ട്രോബറി ഏറെ ലാഭകരമാണെന്ന് കര്‍ഷകര്‍ പറയുന്നു.
ശീതകാല പഴം- പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവട മലനിരകളില്‍ ഇനി സ്‌ട്രോബറിയുടെ വിളവെടുപ്പ്കാലം. വട്ടവടയുടെ കുളിരുതേടിയെത്തുന്ന വിനോദ സഞ്ചാരികള്‍ ഉൾപ്പെടെ ഇവിടെ വിളയുന്ന സ്‌ട്രോബറിക്ക് ആവശ്യക്കാർ ഏറെയാണ്. നിലവില്‍ കിലോയ്ക്ക് നാനൂറ് രൂപവരെയാണ് വില ലഭിക്കുന്നത്.
തികച്ചും ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്‌ട്രോബറിയില്‍ നിന്ന് സ്‌ക്വാഷ്, ജാം, വൈന്‍ എന്നിങ്ങനെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
വിന്റര്‍ടോണ്‍, റെഡ്ചില്ലി എന്നീ ഇനങ്ങളാണ് ഈ മേഖലയിൽ കൂടുതലായും കൃഷിചെയ്ത് വരുന്നത്. റെഡ് ചില്ലിയുടെ പഴങ്ങള്‍ പൊതുവെ ചെറുതായിരിക്കും. എന്നാല്‍ നല്ല വിളവും കായ്കള്‍ക്ക് വലുപ്പം കൂടുതലും ഉണ്ടാകും വിന്റര്‍ടോണിന്.
കൃഷി വ്യാപിപ്പിക്കുന്നതിന് സബ്സിഡി നിരക്കിൽ തൈകൾ എത്തിച്ച് നൽകുന്നതുൾപ്പെടെ കൃഷി വകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.