പെൻഷൻ 1127.68 കോടി; വിതരണം 23ന്‌ തുടങ്ങും

സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം 23ന്‌ തുടങ്ങും. രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുമാണ്‌ വിതരണം ചെയ്യുന്നത്‌. 49,76,668 പേർക്കാണ്‌ അർഹത. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതിനാവശ്യമായ 1127.68 കോടി ധനവകുപ്പ്‌ ലഭ്യമാക്കി. ബുധനാഴ്‌ച ഉത്തരവിറങ്ങും.

സഹകരണ സംഘങ്ങൾവഴിയും ബാങ്ക്‌ അക്കൗണ്ടുവഴിയുമായിരിക്കും പെൻഷൻ നൽകുക. ക്ഷേമനിധി പെൻഷൻ അതത്‌ ബോർഡുകൾ വഴി നൽകും.

സാമൂഹ്യസുരക്ഷാ പെൻഷൻ അർഹർ നിലവിലെ കണക്കിൽ 41,29,321 പേരാണ്‌. 3,80,314 കർഷകത്തൊഴിലാളികൾ, 21,13,205 വയോധികർ, 3,38,338 ഭിന്നശേഷിക്കാർ, 76,848 അമ്പത്‌ വയസ്സ്‌ കഴിഞ്ഞ അവിവാഹിത വനിതകൾ, 12,20,616 വിധവകൾ എന്നിവർക്കാണ്‌ പെൻഷന്‌ അർഹത.

ക്ഷേമനിധി ബോർഡുകൾവഴി 5,20,568 പേർക്ക്‌ പെൻഷൻ നൽകും. 18 ക്ഷേമനിധി ബോർഡുകളുടെ കീഴിലെ പെൻഷൻകാരാണിവർ. മസ്‌റ്ററിങ്‌ പൂർത്തിയായ എല്ലാവർക്കും പെൻഷൻ ഉറപ്പാക്കിയിട്ടുണ്ട്‌.

കിടപ്പുരോഗികളുടെ മസ്‌റ്ററിങ്‌ പൂർത്തിയാക്കലിനായി കാത്തുനിൽക്കേണ്ടതില്ലെന്നാണ്‌ ധനവകുപ്പിന്റെ തീരുമാനം. മറ്റുള്ളവർക്കും മസ്‌റ്റിങ്‌ പൂർത്തിയാക്കുന്ന മുറയ്‌ക്ക്‌ ജനുവരി രണ്ടാംവാരം പെൻഷൻ ലഭ്യമാക്കും.

3.26 ലക്ഷം കിടപ്പുരോഗികൾക്ക്‌ പെൻഷൻ ഉറപ്പാക്കി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്‌റ്ററിങ്‌ പൂർണതയിലേക്ക്‌ എത്തുമ്പോൾ എല്ലാ കിടപ്പുരോഗികൾക്കും പെൻഷൻ ഉറപ്പാക്കി. ഞായറാഴ്‌ചവരെ 3,26,779 കിടപ്പുരോഗികൾ അപേക്ഷിച്ചിരുന്നു. ഇതിൽ 2,90,069 പേർ സാമൂഹ്യസുരക്ഷാ പെൻഷൻ വിഭാഗത്തിലും 36,710 പേർ ക്ഷേമനിധി വിഭാഗത്തിലുമാണ്‌.

സാമൂഹ്യസുരക്ഷാ പെൻഷൻ വിഭാഗത്തിൽ 1,92,000 പേരുടെ മസ്‌റ്ററിങ്‌ പൂർത്തിയായി. ആധാർ രേഖയുടെ അഭാവംമൂലം 21,568 പേരുടെ പൂർത്തിയാക്കാനായില്ല. 7259 പേർ ലൈഫ്‌ സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കി. ക്ഷേമനിധി ബോർഡുകളിലെ 20,175 പേർ മസ്‌റ്ററിങ്‌ പൂർത്തിയാക്കി. 2073 പേർക്ക്‌ ആധാർ രേഖയില്ല.

46 പേർ ലൈഫ്‌ സർട്ടിഫിക്കറ്റ്‌ നൽകിയിട്ടുണ്ട്‌. വീട്ടിലെത്തി മസ്‌റ്ററിങ്‌ നടത്തണമെന്ന്‌ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിച്ചിട്ടുള്ള എല്ലാവർക്കും പെൻഷൻ ലഭ്യമാക്കും.

മസ്റ്ററിങ്‌ പൂർത്തിയാക്കാൻ 31 വരെ സമയം നീട്ടിയിട്ടുണ്ട്‌. ക്രിസ്‌മസിന്‌ പെൻഷൻ വിതരണം പൂർത്തീകരിക്കുന്നതിന്‌ സാങ്കേതിക തടസ്സം ഉണ്ടാകുമെന്നതിനാൽ 22 വരെ മസ്‌റ്ററിങ്‌ ഇല്ല. 23 മുതൽ എല്ലാ അക്ഷയകേന്ദ്രങ്ങളിലും നടത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News