പൗരത്വ ഭേദഗതി: ദില്ലിയില്‍ നിരോധനാജ്ഞ; ആറു പേര്‍ അറസ്റ്റില്‍; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുണ്ടായ വടക്കുകിഴക്കന്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നതു തടയുന്നതിനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. സീലാംപുരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ ജാമിയ മിലിയ സര്‍വകലാശാലയിലെ നടപടിയില്‍ ന്യായീകരണവുമായി ദില്ലി പൊലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് സര്‍വകലാശാലയില്‍ കയറിയത്. വിദ്യാര്‍ഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സര്‍വകലാശാലയില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

മുസ്ലിം ലീഗ് നല്കിയതുള്‍പ്പെടെയുള്ള 7ഓളം ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. മുസ്ലിം ലീഗിനെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓള്‍ ആസം സ്റ്റുഡന്റസ് യൂണിയന്‍, എന്‍ഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്ത് എന്നിവരാണ് ഹര്‍ജികള്‍ നല്കിയിരിക്കുന്നത്.

പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തില്‍ തുടര്‍വാദം കേള്‍ക്കണം എന്നതാവും പ്രധാന ആവശ്യം. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here