പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘം

കണ്ണൂര്‍: ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു.

മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളെയാണ് ആര്‍എസ്എസുകാര്‍ സംഘടിച്ചെത്തി ആക്രമിച്ചത്. ഇരുമ്പുവടി, സോഡാക്കുപ്പി എന്നിവയടക്കമുള്ള ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച പകല്‍ ഒന്നോടെ മമ്പറം ടൗണിലാണ് സംഭവം. കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ സംഘടനാ ഭേദമന്യേ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. പ്രകടനം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം.

ആക്രോശിച്ചു കൊണ്ട് ഓടിയടുത്ത ആക്രമികള്‍ ഇരുമ്പുവടികളും സോഡാക്കുപ്പികളും പഴവര്‍ഗങ്ങളുടെ ട്രേകളും മറ്റുമെടുത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പത്തോളം വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് ക്രിമിനല്‍ പ്രനൂപിന്റെ നേതൃത്വത്തിലുള്ള പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here