ഇതാണ് കേരള പൊലീസ്; വിശക്കുന്ന വയറിന് അന്നം പങ്കുവച്ചു; ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്

ആളുകളെ മതത്തിന്റെയും വര്‍ണത്തിന്റേയും പേരില്‍ വേര്‍തിരിക്കാന്‍ ദേശീയതലത്തില്‍ തന്നെ ശ്രമം നടക്കവെ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാള്‍ക്കൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഈ വീഡിയോ കണ്ട് കേരള പൊലീസിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറും ആലങ്കോട് സ്വദേശിയുമായ എസ്.എസ്. ശ്രീജിത്താണ് സോഷ്യല്‍മീഡിയയില്‍ താരമായത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം പൂന്തുറപ്പള്ളിയില്‍ വച്ചാണ് സംഭവം.

സംഭവത്തെക്കുറിച്ച് ശ്രീജിത്ത് പറയുന്നത് ഇങ്ങനെ:

ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് ഭക്ഷണമെത്തുന്നത്. പൊതി തുറക്കുമ്പോള്‍ മുഷിഞ്ഞ വേഷധാരിയായി മുന്നില്‍ വന്ന മധ്യവയസ്‌കന്‍ എന്റെ ഭക്ഷണപ്പൊതിയിലേയ്ക്ക് നോക്കുന്നതു കണ്ടാണ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നത്. ഇല്ല എന്നു മറുപടി. എങ്കില്‍, വരൂ നമുക്ക് കഴിക്കാമെന്നു പറഞ്ഞു. ആദ്യം അദ്ദേഹം വേണ്ടെന്നു പറഞ്ഞു. ഇത്രയും ഭക്ഷണം എനിക്ക് അധികമാണ്. ബാക്കി കളയണ്ടി വരും. എനിക്ക് കുഴപ്പമില്ല. നമുക്ക് ഒരുമിച്ചു കഴിക്കാം എന്നു പറഞ്ഞപ്പോഴാണ് അദ്ദേഹം മുന്നോട്ടു വന്നത്. ഉള്ളതുകൊണ്ട് രണ്ടാള്‍ക്കും അരവയറു നിറയും. തല്‍ക്കാലം അത് മതിയാകുമല്ലോ?

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കമ്മീഷണര്‍ ഓഫീസില്‍ നിന്നും ഡിജിപിയുടെ ഓഫീസില്‍ നിന്നും വിളിച്ച് അഭിനന്ദിച്ചെന്നും ശ്രീജിത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News