മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു; വരും ദിവസങ്ങളിലെ പ്രതിഷേധങ്ങളില്‍ അണിനിരക്കും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളെ കാണാനെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു.

ക്യാമ്പസിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കമല്‍ഹാസനെ പൊലീസ് അറിയിക്കുകയായിരുന്നു. സുരക്ഷപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും പൊലീസ് കമലിനെ അറിയിക്കുകയായിരുന്നു.

വിദ്യാര്‍ഥികളെ ക്യാമ്പസിന് പുറത്തുനിന്നും അഭിസംബോധന ചെയ്ത ശേഷമാണ് കമല്‍ഹാസന്‍ മടങ്ങിയത്.

സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് താന്‍ എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന പൊലീസ് നടപടി അനീതിയാണെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളില്‍ വരും ദിവസങ്ങളിലും അണിനിരക്കുമെന്നും തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ പങ്കെടുക്കുമെന്നും കമല്‍ഹാസന്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്ക്കുന്ന നടപടിക്കെതിരെ കഴിഞ്ഞദിവസവും കമല്‍ഹാസന്‍ ശക്തമായി പ്രതികരിച്ചിരുന്നു.

യുവജനങ്ങളുടെ ചോദ്യങ്ങള്‍ അടിച്ചമര്‍ത്തുന്നുവെങ്കില്‍ ജനാധിപത്യം അപകടത്തിലാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. യുവജനത രാഷ്ട്രീയ ബോധമുള്ളവരാണ് അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ താന്‍ ഉണ്ടാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംസ്ഥാനങ്ങളുടെ അതിര്‍ത്തിക്കപ്പുറവും രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും അതീതമായും ഉയരണമെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here