ബംഗാളി അഭയാര്‍ഥി വിഷയത്തില്‍ ബിജെപി കള്ളം പ്രചരിപ്പിക്കുന്നു: സിപിഐഎം പിബി

നീതീകരിക്കാനാവാത്ത പൗരത്വനിയമ ഭേദഗതിയെ(സിഎഎ) ന്യായീകരിക്കാന്‍ സിപിഐ എമ്മിനെതിരായി ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

കിഴക്കന്‍ പാകിസ്ഥാനില്‍നിന്നും പിന്നീട് ബംഗ്ലാദേശില്‍നിന്നും എത്തിയവര്‍ക്ക് പൗരത്വം നല്‍കുന്ന വിഷയത്തില്‍ ബിജെപി ഇരട്ടത്താപ്പ് കാട്ടുകയാണ്.

ബംഗാളി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2012ല്‍ സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു എഴുതിയ കത്ത് ചൂണ്ടിക്കാണിച്ചാണ് ബിജെപി പൗരത്വനിയമ ഭേദഗതിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.

ബംഗ്ലാദേശില്‍നിന്നുള്ള ന്യൂനപക്ഷവിഭാഗത്തിലെ ബംഗാളി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് അന്ന് ആവശ്യപ്പെട്ട സിപിഐ എം ഇപ്പോള്‍ അതേ ബംഗാളി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് ബിജെപി വക്താക്കളും അവരുടെ സാമൂഹിക മാധ്യമ വിഭാഗവും പ്രചരിപ്പിക്കുന്നത്. തെറ്റായ ആരോപണം ഉന്നയിക്കാന്‍ ബിജെപി വസ്തുതകള്‍ വളച്ചൊടിക്കുകയാണ്.

മുന്‍ കിഴക്കന്‍ പാകിസ്ഥാനില്‍നിന്നും പിന്നീട് ബംഗ്ലാദേശില്‍നിന്നും എത്തിയ ന്യൂനപക്ഷവിഭാഗത്തിലെ ബംഗാളി അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നത് സിപിഐ എമ്മിന്റെ എക്കാലത്തെയും ആവശ്യമാണ്. പക്ഷേ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിയമ ഭേദഗതി മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കുന്നതാണ്.

പൗരത്വം നല്‍കാന്‍ പരിഗണിക്കുന്നവരില്‍നിന്ന് മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കണമെന്ന് സിപിഐഎം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സിപിഐ എം പൗരത്വനിയമ ഭേദഗതിയെ ശക്തിയായി എതിര്‍ക്കുന്നത്.

ഈ വിഷയത്തില്‍ സിപിഐ എമ്മിന്റെ നിലപാട് 2012 ഏപ്രിലില്‍ കോഴിക്കോട്ട് ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് ‘ബംഗാളി അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി’ എന്ന പ്രമേയത്തില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് അസംകരാര്‍ സംരക്ഷിച്ചുകൊണ്ടായിരിക്കണമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1971 മാര്‍ച്ച് വരെ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കേണ്ടതെന്ന അസംകരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നാണ് ഇതിന്റെ അര്‍ഥം. അസമിന്റെ കാര്യത്തിലുള്ള ഈ സമയപരിധി ലംഘിക്കുന്നതാണ് പൗരത്വനിയമ ഭേദഗതി. ഈ നിയമഭേദഗതിയെ പാര്‍ലമെന്റില്‍ സിപിഐ എം എതിര്‍ത്തതിന്റെ മറ്റൊരു കാരണം ഇതാണ്.

ബില്ലില്‍ മൂന്ന് ഭേദഗതികള്‍ സിപിഐ എം എംപിമാര്‍ പാര്‍ലമെന്റില്‍ നിര്‍ദേശിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ മതപരമായി വേര്‍തിരിക്കുന്നത് ഒഴിവാക്കാനും അയല്‍രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെ മതപരമായ വിവേചനമില്ലാതെ സമീപിക്കാനും പൗരത്വം നല്‍കാനും വേണ്ടിയായിരുന്നു രണ്ട് ഭേദഗതികള്‍.

തമിഴ്നാട്ടിലുള്ള ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കണമെന്ന് ഇതിലൂടെ ആവശ്യപ്പെട്ടു. അസമിനെയും ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നതായിരുന്നു മൂന്നാം ഭേദഗതി നിര്‍ദേശം-പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News