മലയാളി വിദ്യാര്‍ഥികളെ എബിവിപി തെരഞ്ഞുപിടിച്ച് വേട്ടയാടുന്നു; ദില്ലി സര്‍വകാലാശാലയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം

പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ അണിനിരന്ന ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് എബിവിപിക്കാരുടെ ഭീഷണിയും മര്‍ദ്ദനവും. മലയാളി വിദ്യാര്‍ഥി സയ്യിദിനെ പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എസ്എഫ്ഐ അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ചാണ് ഭീഷണിപ്പെടുത്തിയത്.

സയ്യിദ് മലയാളിയാണെന്നും പൗരത്വ നിയമത്തെ എതിര്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും എബിവിപിക്കാര്‍ ആവശ്യപ്പെടുന്നു. അക്രമികള്‍ക്കിടയില്‍ ഭയന്നുനില്‍ക്കുന്ന വിദ്യാര്‍ത്ഥിയുടെ ദൃശ്യം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇത്തരത്തില്‍ മര്‍ദ്ദനമേറ്റെന്ന് നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളെ അറിയിച്ചു.

ജാമിയയിലെ വിദ്യാര്‍ത്ഥിവേട്ടയ്ക്കെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ എബിവിപിക്കാര്‍ മര്‍ദ്ദിച്ചിരുന്നു. നോര്‍ത്ത് ക്യാമ്പസില്‍ പരീക്ഷ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കാവലിലാണ് എബിവിപിക്കാര്‍ തിങ്കളാഴ്ച മര്‍ദ്ദിച്ചത്.

ഇതിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ പ്രതിഷേധം നടന്നു. പ്രതിഷേധക്കാര്‍ക്കെതിരെ എബിവിപിയുടെ ആക്രമണമുണ്ടാകുമെന്ന് വ്യക്തമാക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മലയാളികളെയടക്കം തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചത്.

മലയാളികളും എസ്എഫ്ഐ പ്രവര്‍ത്തകരും ഡല്‍ഹി സര്‍വകലാശാലയിലും പരിസരത്തും നിരന്തര ആക്രമണങ്ങളാണ് നേരിടുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണത്തിനിടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണനടക്കമുള്ളവര്‍ ആക്രമിക്കപ്പെട്ടു.

ആക്രമണത്തില്‍ നിതീഷിന്റെ പല്ല് തകര്‍ന്നു. ലഖുലേഖ വിതരണം ചെയ്ത വിദ്യാര്‍ത്ഥിനികളടക്കമുള്ള പ്രവര്‍ത്തകരെ വളഞ്ഞിട്ടാക്രമിച്ചു. വിശ്വവിദ്യാലയം മെട്രോ സ്റ്റേഷനുസമീപം പ്രാദേശിക സംഘപരിവാറുകാരുടെ പിന്തുണയോടെയായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News