തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; കുല്‍ദീപ് യാദവിന് ഹാട്രിക്, ഇന്ത്യയ്ക്ക് 107 റണ്‍സ് ജയം

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 107 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സെടുത്തപ്പോള്‍, വിന്‍ഡീസിന്റെ മറുപടി 43.3 ഓവറില്‍ 280 റണ്‍സില്‍ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമെത്തി. പരമ്പരയിലെ മൂന്നാം മത്സരം 22ന് കട്ടക്കില്‍ നടക്കും.

33-ാം ഓവറിന്റെ അവസാനത്തെ മൂന്ന് പന്തുകളില്‍ ഷായ് ഹോപ്പ് (78), ജെയ്സന്‍ ഹോള്‍ഡര്‍ (11), അല്‍സാരി ജോസഫ് (0) എന്നിവരെ പുറത്താക്കി സ്പിന്നര്‍ കുല്‍ദീപ് യാദവ് നേടിയ ഹാട്രിക്കാണ് വിന്‍ഡീസ് തകര്‍ന്നടിയാന്‍ കാരണമായത്.

വിന്‍ഡീസിനായി ഓപ്പണര്‍ ഷായ് ഹോപ്പ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. പുരാന്‍ 47 പന്തില്‍ ആറു വീതം സിക്‌സും ഫോറും സഹിതം 75 റണ്‍സെടുത്തു. ഹോപ്പ് 85 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 78 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കീമോ പോളാണ് (42 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 46) വിന്‍ഡീസിന്റെ തോല്‍വിഭാരം കുറച്ചത്.

ഓപ്പണര്‍ എവിന്‍ ലൂയിസ് (35 പന്തില്‍ 30), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (ഏഴു പന്തില്‍ നാല്), റോസ്റ്റണ്‍ ചെയ്‌സ് (ഒന്‍പതു പന്തില്‍ നാല്), നിക്കോളാസ് പുരാന്‍ (47 പന്തില്‍ 75), കീറോണ്‍ പൊള്ളാര്‍ഡ് (0), ജെയ്‌സന്‍ ഹോള്‍ഡര്‍ (13 പന്തില്‍ 11), അല്‍സാരി ജോസഫ് (0), ഖാരി പിയറി (18 പന്തില്‍ 21) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ മൂന്നും രവീന്ദ്ര ജഡേജ രണ്ടും ഷാര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഒരാള്‍ റണ്ണൗട്ടായി.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ (159), ലോകേഷ് രാഹുല്‍ (102) എന്നിവര്‍ സെഞ്ചുറി നേടി. ഇരുവരും പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് (227) കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് അടിത്തറയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel