”ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത്, ധീരയായ സനയുടെ അച്ഛനെന്ന നിലയില്‍ മാത്രം”

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കിയ ഗാംഗുലിയുടെ മകള്‍ സനയെ അഭിനന്ദിച്ച് എംബി രാജേഷ്

എംബി രാജേഷിന്റെ വാക്കുകള്‍:

സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്റെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്ററായിരുന്നു. എന്നാല്‍ BCCl പ്രസിഡന്റ് പദവിക്കായി ഉപജാപങ്ങളുടെ ഭാഗമായ ഗാംഗുലി എന്നെ നിരാശനാക്കി. എന്നാല്‍ ഇന്ന് ഗാംഗുലിയുടെ മകള്‍ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു.

ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസില്‍ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാല്‍ പന്ത് ഗ്യാലറിയില്‍ നോക്കിയാല്‍ മതിയായിരുന്നു.

ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോള്‍ അധികാരത്തിന്റെ ക്രീസില്‍ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകള്‍ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാര്‍ഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു.

പഴയ ഗാംഗുലിയെപ്പോലെ. മനോഹരമായ കവര്‍ ഡ്രൈവുകളും സ്‌ക്വയര്‍ ഡ്രൈവുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കല്‍ രാഹുല്‍ ദ്രാവിഡാണ് പറഞ്ഞത് ഓഫ് സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്.

എന്നാല്‍ ഈ നിര്‍ണ്ണായക ചരിത്ര സന്ദര്‍ഭത്തില്‍ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേ മകള്‍ സന അവര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

വിഖ്യാതമായ ലോര്‍ഡ്‌സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദം ഷര്‍ട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബല്‍ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോള്‍ അവള്‍ റിബലായി നിലപാട് ഉറക്കെ പറയുന്നു.

മകള്‍ അഛനേക്കാള്‍ ധീരതയും വിവേകവും സത്യസന്ധതയും പുലര്‍ത്തുന്നു. ഇപ്പോള്‍ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അഛനെന്ന നിലയില്‍ മാത്രമാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News