വീണ്ടും വിസ്മയ ഗോളുമായി റോണോ; ജയം പിടിച്ചെടുത്ത് യുവന്റസ്; വീഡിയോ കാണാം

പ്രായത്തിന്റെ പരിമിതികളെ അപ്രസക്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ മാസ്മരിക ഗോളില്‍ ഇറ്റാലിയന്‍ സീരിയില്‍ യുവന്റസിന് ജയം. ഒന്നാം പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റൊണാള്‍ഡോ നേടിയ അസാമാന്യ ഹെഡര്‍ ഗോളില്‍ യുവെ സാംപ്‌ദോറിയക്കെതിരെ ലീഡും പിന്നാലെ വിജയവും പിടിച്ചെടുത്തു.

2018ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍, യുവന്റസിനെതിരെ റയല്‍ മഡ്രിഡിനായി റൊണാള്‍ഡോ നേടിയ ഗോളിന് സമമായിരുന്നു ഇന്നലെ സാംപ്‌ദോറിയയുടെ തട്ടകത്തില്‍ നേടിയ ഗോളും. അന്ന് 2.30 മീറ്റര്‍ ഉയരത്തിലൂടെ പറന്ന പന്തിനു നേര്‍ക്ക് ഉയര്‍ന്നുചാടി തലയ്ക്കു മുകളിലൂടെ ക്രിസ്റ്റ്യാനോ തൊടുത്ത ബൈസിക്കിള്‍ ഷോട്ട്, ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

ഇക്കുറി 2.56 മീറ്റര്‍ ഉയര്‍ത്തില്‍ സാംപ്‌ദോറിയ ബോക്‌സിലേക്ക് വന്ന പന്തിനാണ് അസാമാന്യ മികവോടെ വായുവില്‍ ഉയര്‍ന്നുചാടി റൊണാള്‍ഡോ തലകൊണ്ട് ഗോളിലേക്കു വഴികാട്ടിയത്. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ യുവെയുടെ ബ്രസീലിയന്‍ താരം അലക്‌സ് സാന്ദ്രോ സാംപ്‌ദോറിയ ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിവിടുമ്പോള്‍ റൊണാള്‍ഡോയെ മാര്‍ക്ക് ചെയ്യാന്‍ രണ്ട് പ്രതിരോധനിരക്കാരുണ്ടായിരുന്നു.

പന്തിന്റെ ഗതി നേരത്തെ ഊഹിച്ചെടുത്ത റൊണാള്‍ഡോ അതു തലപ്പാകത്തിനാക്കാന്‍ ഉയര്‍ന്നുചാടുമ്പോള്‍ പ്രതിരോധിക്കാന്‍ നിന്ന എതിര്‍ ടീമിലെ താരം ചാട്ടത്തിന് ആയമെടുത്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ബോക്‌സിലേക്ക് പറന്നിറങ്ങിയ പന്തിനെ ഉയര്‍ന്നുചാടി റൊണാള്‍ഡോ ഗോളിലേക്ക് വഴിതിരിച്ചുവിടുമ്പോള്‍ അസംഭവ്യമായതെന്തോ കണ്ട പ്രതീതിയിലായിരുന്നു കളിക്കാരും സ്റ്റേഡിയത്തിലെ ആരാധകരും. പന്ത് ഹെഡ് ചെയ്യുമ്പോള്‍ റൊണാള്‍ഡോ മൈതാനത്തുനിന്ന് 71 സെന്റിമീറ്ററോളം ഉയര്‍ത്തിലായിരുന്നുവെന്ന് കണക്ക്.

എതിരാളികളെക്കാള്‍ ഉയരത്തില്‍ ചാടാനുള്ള ശേഷിയാണ് കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗില്‍ ടൂറിനില്‍ പുറത്തെടുത്ത ബൈസിക്കിള്‍ കിക്കിലും നിര്‍ണായകമായത്. അമേരിക്കയിലെ ബാസ്‌കറ്റ്‌ബോള്‍ താരങ്ങളെപ്പോലെ ഒറ്റക്കാലില്‍ മൂന്നടിയോളം ഉയരത്തിലേക്കു കുതിക്കാനുള്ള മികവിലൂടെ ക്രിസ്റ്റ്യാനോ ഒട്ടേറെ ഹെഡര്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. സാംപ്‌ദോറിയയ്‌ക്കെതിരെ ഇന്നലെ കണ്ടതും അത്തരമൊരു ഗോളാണ്.

മത്സരത്തെക്കുറിച്ച് സംപ്‌ദോറിയ പരിശീലകന്‍ ക്ലോഡിയോ റാനിയേരിയുടെ പ്രതികരണത്തില്‍ തന്നെ റൊണാള്‍ഡോ സമ്മാനിച്ച അമ്പരപ്പ് പ്രകടമായിരുന്നു. ഒന്നരമിനിട്ടോളം അദ്ദേഹം വായുവില്‍ ഉയര്‍ന്നുനിന്നു. ഇതേക്കുറിച്ച് എന്തു പറയാനാണ്? അദ്ദേഹത്തെ പ്രശംസിച്ച് അടുത്ത വഴി നോക്കുക, അത്രതന്നെ. ഇതായിരുന്നു മത്സരശേഷം റാനിയേരിയുടെ പ്രതികരണം.

ഇന്നലത്തെ വിജയത്തോടെ 17 കളികളില്‍നിന്ന് 42 പോയിന്റുമായി യുവെന്റസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു മത്സരം കുറവു കളിച്ച കളിച്ച ഇന്റര്‍ മിലാന്‍ 39 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News