പൊലീസിനെ വെട്ടിച്ച് യെച്ചൂരിയും നേതാക്കളും വീണ്ടും ജന്തര്‍ മന്ദറില്‍; ജനം തെരുവില്‍, പ്രക്ഷോഭം ശക്തം; ദില്ലിയില്‍ വീണ്ടും പ്രതിഷേധം; മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി; രാജ്യത്താകെ ആയിരത്തോളം പേര്‍ അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി. അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നതിനിടെ, നേതാക്കള്‍ പൊലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങി, ജന്തര്‍ മന്ദറില്‍ എത്തുകയായിരുന്നു.

നേരത്തെ സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ആനി രാജ തുടങ്ങി നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൗരത്വ നിയമത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ചെങ്കോട്ടയിലേക്കുള്ള മാര്‍ച്ച് തടയാന്‍ നിരോധനജ്ഞയും പ്രഖ്യാപിച്ചിരുന്നു. അത് ലംഘിച്ച് മാര്‍ച്ച് തുടങ്ങിയപ്പോഴാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

ദില്ലിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരോധനാജ്ഞക്കിടയിലും നിരവധി പേരാണ് പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തിയത്.

ദില്ലിക്ക് പുറമേ ചെന്നൈ, ഹൈദരാബാദ്, തെലുങ്കാന, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലും വന്‍പ്രതിഷേധമാണ് നടക്കുന്നത്.

ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലക്നൗ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ സമരാനുകൂലികളായ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മാബാദ് അടക്കമുള്ള നിരവധി നഗരങ്ങളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ദില്ലിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. കര്‍ശന പരിശോധനയ്ക്ക് ശേഷമേ ഗുരുഗ്രാമില്‍നിന്ന് വാഹനങ്ങള്‍ കടത്തി വിടുന്നുള്ളു.

കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു.

പ്രമുഖ ചരിത്രകാരനും ആക്റ്റിവിസ്റ്റുമായ രാമചന്ദ്രഗുഹയെയും ബംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗണ്‍ ഹാളിനുമുന്‍പില്‍ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ സിപിഐഎം നേതൃത്വത്തില്‍ ഇടതുപാര്‍ടികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചയുടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തെലങ്കാനയില്‍ നിരോധനാജ്ഞ ലംഘിച്ച് തെരുവില്‍ പ്രകടനമായിറങ്ങിയ നൂറോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൈദരബാദില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കാന്‍ എത്തിയവരെയും കസ്റ്റഡിയില്‍ എടുത്തത്. സമര സ്ഥലത്തേക്ക് ഇവര്‍ പോവുകയായിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊയ്‌നാബാദ് പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുമുള്ളത്.

ഹൈദരബാദ്, മദ്രാസ് യൂണിവേഴ്‌സിറ്റികളില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News