ഭരണഘടനയെ വെട്ടിമുറിക്കാന്‍ യുവജനങ്ങള്‍ അനുവദിക്കില്ലെന്ന് യെച്ചൂരി; നടക്കുന്നത് അവസാനസമരമല്ല, തുടര്‍ സമരങ്ങളുണ്ടാകും; സമാധാനപരമായ സമരം ജനാധിപത്യാവകാശം

ദില്ലി: കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകുമെന്നും ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നോര്‍ക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പൗരത്വ വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഒരു മതവുമായും യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്നും മതപരമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ചേര്‍ന്ന കാര്യമല്ല ഇത്. അതിനാല്‍ തന്നെ ബില്‍ പിന്‍വലിക്കണമെന്നതാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതുന്നത്. നിയമലംഘനം അനുവദിക്കില്ല എന്നും വിശ്വസിക്കുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

വിവിധ സാമൂഹ്യസംഘടനകള്‍- ആക്ടിവിസ്റ്റുകള്‍ എന്നിവരെല്ലാം വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഭാവി കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി ഇവരുമായെല്ലാം ബന്ധപ്പെടുകയാണ്. ഈ പ്രതിഷേധം തുടരും.

വളരെ ഗുരുതരമായ മറ്റൊരു പ്രശ്നം ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതാണ്. പ്രൈവറ്റ് ടെലകോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രാജ്യം മോദി-അമിത് ഷാ ഭരണത്തിന്‍ കീഴില്‍, ലോകത്തെ തന്നെ ഏറ്റവുമധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യം എന്ന അപഖ്യാതി നേടിയിരിക്കുകയാണെന്നു യെച്ചൂരി പരിഹസിച്ചു.

വടക്ക്- കിഴക്കന്‍ സംസ്ഥാനത്തോ കശ്മീരിലോ മാത്രമല്ല രാജ്യതലസ്ഥാനത്ത് പോലും അതെത്തിയിരിക്കുകയാണ്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. മെട്രോകള്‍ അടച്ചു. ജനങ്ങള്‍ക്ക് പ്രതിഷേധ സ്ഥലങ്ങളിലേക്കെത്താന്‍ കഴിയാത്ത സാഹചര്യം ഇതുമൂലമുണ്ടായി. അടിയന്തിരാവസ്ഥയേക്കാള്‍ മോശപ്പെട്ട അവസ്ഥയാണിത് കാണിക്കുന്നത്.

കശാപ്പ് ചെയ്യപ്പെടുന്ന ഈ ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകും. ഈ ഭരണഘടനയിലൂടെ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. അതാണിപ്പോള്‍ ലംഘിക്കപ്പെടുന്നത്. ഇതംഗീകരിക്കാനാകില്ല.

രാജ്യവിരുദ്ധതയുടെ പേരില്‍ നിരവധി അടിസ്ഥാനമില്ലാത്ത കേസുകള്‍ അളുകളുടെ മേല്‍ ചുമത്തുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം എന്ന് സമര്‍ഥിക്കുന്നതാണിത്.

സമാധാനപരമായ സമരം ജനാധിപത്യാവകാശമാണ്. താനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലൂടെ അത് ലംഘിക്കപ്പെട്ടു. നിയമവിരുദ്ധമായ കൂടിച്ചേരല്‍ എന്നുപറഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനാല്‍, ജനാധിപത്യപരമായ സമരങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

വിഷയത്തില്‍ മോദിയും അമിത് ഷായും നുണ പ്രചരിപ്പിക്കുകയാണെന്നും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നെന്നും ഡി രാജ പറഞ്ഞു.

ഇവര്‍ ചരിത്രം അറിയേണ്ടി ഇരിക്കുന്നു. മോദിയും ഷായും സര്‍ദാര്‍ പട്ടേലിന്റെ പാരമ്പര്യത്തിന് തന്നെ കളങ്കം ഉണ്ടാക്കുന്നെന്നും രാജ പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഭയമാണ്. ഇതിന് കാരണം ബിജെപിയും ആര്‍എസ്എസുമാണ്. ഇന്ത്യാ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആയി തുടരണം ഭരണ ഘടന അട്ടിമറിക്കാനാണ് മോദിയുടെയും ഷായുടെയും ശ്രമം. മത സാമുദായിക ഐക്യം കെട്ടിപ്പടുക്കാനാണ് ഇടതു പക്ഷത്തിന്റെ ശ്രമം
23ന് തമിഴ് നാട്ടില്‍ പ്രതിഷേധം നടത്തുമെന്നും ഡി രാജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here