അമേരിക്കൻ പത്രങ്ങളിലും പ്രതിധ്വനിച്ച് ഇന്ത്യന്‍ പ്രതിഷേധം; മോദിക്കെതിരെ രാജ്യം തെരുവിലെന്ന് ന്യൂയോർക്ക്‌ ടൈംസ്‌

അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. “ദ വാൾസ്‌ട്രീറ്റ്‌ ജേണൽ”, “ദ വാഷിങ്‌ടൺ പോസ്‌റ്റ്‌’, “ദ ന്യൂയോർക്ക്‌ ടൈംസ്‌” എന്നീ പത്രങ്ങളാണ്‌ ഇന്ത്യയിലെ പ്രതിഷേധവാർത്ത ഒന്നാംപേജിൽ നൽകിയിട്ടുള്ളത്‌. വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിഷേധങ്ങളുടെ ചിത്രം അടക്കമാണ്‌ പത്രങ്ങൾ ഇറങ്ങിയിട്ടുള്ളത്‌.

നരേന്ദ്രമോഡിയുടെ ഹിന്ദുത്വ രാഷ്‌ട്രത്തിനായുള്ള ശ്രമങ്ങൾക്കെതിരെ ഇന്ത്യയുടെ പ്രതിഷേധം എന്നാണ്‌ ന്യൂയോർക്ക്‌ ടൈംസ്‌ വാർത്തയുടെ തലക്കെട്ട്‌. മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത്‌ വൻതോതിലുള്ള പ്രതിഷേധം അരങ്ങേറുന്നതായും വാർത്തയിൽ പറയുന്നു. ബ്രിട്ടീഷ്‌ ദിനപത്രമായ ദ ഗാർഡിയൻ വിഷയത്തിൽ മുഖപ്രസംഗം എഴുതിയിരുന്നു.

ഡിസംബർ 15-ന് ജാമിയയിലെ പൊലീസ് നടപടി റിപ്പോർട്ട് ചെയ്യാനെത്തിയ ബിബിസി. മാധ്യമപ്രവർത്തകയെ പൊലീസ് മർദിച്ചു എന്ന ആരോപണമുണ്ടായി. അൽ ജസീറ, ഗൾഫ് ന്യൂസ്, ഗാർഡിയൻ, ഇൻഡിപെൻഡന്റ്, ബ്ലൂംബെർഗ്, ദി ന്യൂയോർക്കർ, ദി ടെലഗ്രാഫ് എന്നീ മാധ്യമങ്ങളുടെയും പ്രധാന വാർത്തകളിലൊന്നായി പ്രക്ഷോഭം മാറി.

ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് (സിജിടിഎൻ) ഇന്ത്യയിലെ പ്രതിഷേധങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്‌തു. ചൈനീസ് പത്രമായ ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധങ്ങളെക്കുറിച്ച് ലേഖനമെഴുതി. വിദേശ മാധ്യമങ്ങളെക്കൂടാതെ വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങളും നടപടിക്കെതിരെ രംഗത്തെത്തി.

ഹാർവാഡ്‌, യേൽ, ഓക്‌സ്‌ഫോഡ്, മാസച്യുസെറ്റ്‌സ്, കൊളംബിയ, സ്റ്റാൻഫഡ് സർവകലാശാലകളിലെ വിദ്യാർഥികൾ മാർച്ചുകൾ നടത്തുകയും ഇന്ത്യൻ സർക്കാരിന് തുറന്ന കത്തയക്കുകയുമുണ്ടായി.

ഹാർവാഡിലും ഓക്‌സ്‌ഫോഡിലും കൊടുംതണുപ്പിനെ അവഗണിച്ച് വിദ്യാർഥികളും അധ്യാപകരും പ്രതിഷേധ മാർച്ചുകൾ നടത്തി. ഫിൻലൻഡിലെ ഹെൽസിങ്കിയിലും ജർമനിയിലെ ബെർലിനിലും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലും ഇന്ത്യൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News