മതനിരപേക്ഷത തകർക്കുന്നവർക്കെതിരെ ജനത വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കണം; മുഖ്യമന്ത്രി

ആർഎസ്‌എസിന്റെ അജണ്ട ഓരോന്നായി നടപ്പാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതിന്‌ ആദ്യം തകരേണ്ടത്‌ ഇന്ത്യൻ ഭരണഘടനയാണെന്നാണ്‌ അവർ കരുതുന്നത്‌. അതിനുള്ള ഇടപെടലാണ്‌ നടത്തുന്നത്‌. മതാധിഷ്ഠിത രാഷ്‌ട്രമാണ്‌ അവർ ലക്ഷ്യം കാണുന്നത്‌. മുത്തലാഖ്‌, കശ്മീർ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങൾ ഇതാണ്‌ തെളയിക്കുന്നത്‌‐ മുഖ്യമന്ത്രി പറഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തെ മാറ്റിനിർത്തുന്നു. ഏത്‌ കൈവിട്ടകളിയും നടത്താമെന്നാണ്‌ കേന്ദ്രസർക്കാർ കണക്ക്‌ കൂട്ടുന്നത്‌. ഭരണഘടന തകർക്കുന്നവർക്കെതിരെ യോജിച്ച പോരാട്ടമാണ്‌ ആവശ്യം. പ്രതിഷേധക്കുന്നവരെ അറസ്റ്റ്‌ ചെയ്തത്‌ ജനാധിപത്യ വിരുദ്ധമാണ്‌. ജാമിയ മിലിയയിൽ നടന്നത്‌ കിരാതമായ നടപടിയാണ്‌. പൊലീസ്‌ ചെയ്യാൻ പാടില്ലാത്ത പണിയെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയും ജനാധിപത്യവും നിലനിൽക്കുന്ന രാജ്യം നമുക്ക്‌ വിലപ്പെട്ടതാണെന്നും അത്‌ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും വിട്ടുവീഴ്‌ചയില്ലാത്ത സമീപനം ഇന്ത്യൻ ജനത സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത്‌ തൊഴിലാളിവർഗ താൽപര്യം ഉയർത്തിപ്പടിക്കുന്നതിൽ മുൻപന്തിയിൽ നിന്ന്‌ പോരാടുന്ന സംഘടന സിഐടിയു ആണെന്നത്‌ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്‌. തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ ശരിയായ രീതിയിൽ തൊഴിലാളികളെ അണിനിരത്തി പോരാടുന്നത്‌ സിഐടിയു ആണെന്നത്‌ ചരിത്ര സത്യമാണ്‌.

ആഗോളീകരണ നയത്തിന്റെ ഭാഗമായി തൊഴിലാളികളുടെ അവകാശങ്ങൾക്ക്‌ നേരെ നിരവധിയായ ആക്രമണങ്ങളാണ്‌ ഉണ്ടായത്‌. കോൺഗ്രസും ബിജെപിയും തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിൽ മത്സരബുദ്ധിയോടെ പ്രവർത്തിച്ചു. അത്തരം ഘട്ടങ്ങളിൽ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്നത്‌ സിഐടിയു ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ അധികാരത്തിലുള്ള ബിജെപി സർക്കാർ കൂടുതൽ തീവ്രമായ തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ട്‌ പോവുകയാണ്‌. തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കുകയും കോർപ്പറേറ്റുകൾക്ക്‌ എല്ലാ സഹായവുമെത്തിക്കുന്ന പ്രവർത്തനങ്ങളിലാണ്‌ കേന്ദ്ര സർക്കാർ. നവരത്ന സ്ഥാപനങ്ങളെയടക്കം സ്വകാര്യവൽക്കരിക്കാനുള്ള നീക്കം നടക്കുന്നു. ഇവരുടെ ഉദ്ദേശ്യം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയല്ല. സ്വകാര്യവൽക്കരണം മാത്രമാണ്‌.

ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾ വാശിയോടെ നടത്തുകയാണ്‌ കേന്ദ്രം. രാജ്യം കഴിഞ്ഞ 70 വർഷക്കാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്‌. കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ്‌ ഇത്‌ സംഭവിച്ചത്‌.

കോർപ്പറേറ്റുകർക്ക്‌ വൻ ഇളവ്‌ നൽകുമ്പോൾ കർഷകൻ വൻ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നു. തൊഴിയലില്ലായ്‌മ ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ എത്തിനിൽക്കുന്നു. ജനങ്ങൾക്ക്‌ ഒരുതരത്തിലും ജീവിതം മുന്നോട്ട്‌ നയിക്കാനാവാത്ത സ്ഥിതിയാണ്‌ രാജ്യത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News