നടിയെ ആക്രമിച്ച കേസ്; പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്‍മേല്‍ പ്രതിഭാഗത്തിന്‍റെ വാദം ഇന്ന് നടക്കും. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയുടെ അനുമതിയോടെ ഇന്നലെ നിര്‍ണ്ണായക തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

വിചാരണക്കു തൊട്ടു മുന്‍പുള്ള നടപടികളിലേക്കാണ് കോടതി ഇന്ന് കടക്കുന്നത്.ഇതിന്‍റെ ഭാഗമായി കുറ്റപത്രത്തിന്‍മേല്‍ പ്രതിഭാഗത്തിന്‍റെ വാദം ഇന്ന് നടക്കും.പ്രോസിക്യൂഷന്‍റെ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് സുപ്രീം കോടതി കേസിന്‍റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.സ്റ്റേ പിന്നീട് നീക്കിയെങ്കിലും ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഏതാനും ഹര്‍ജികള്‍ വിചാരണക്കോടതിക്ക് തീര്‍പ്പാക്കേണ്ടതിനാല്‍ വിചാരണ നടപടിയിലേക്ക് കടക്കാന്‍ വൈകി.

ക‍ഴിഞ്ഞ ദിവസം പ്രതികളുടെ ഹര്‍ജി പരിഗണിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുകയും ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയാകുകയും ചെയ്തതോടെ വിചാരണക്കോടതി പരിഗണിച്ച മു‍ഴുവന്‍ ഹര്‍ജികളും തീര്‍പ്പായിരുന്നു.ഈ സാഹചര്യത്തിലാണ് കുറ്റ പത്രത്തിന്‍മേലുള്ള പ്രാരംഭവാദം ഇന്ന് പുനരാരംഭിക്കുന്നത്.

ദിലീപ് ഒ‍ഴികെയുള്ള പ്രതികള്‍ വാദിക്കുന്നില്ല എന്ന് നേരത്തെ അറിയിച്ചതിനാല്‍ ദിലീപിന്‍റെ വാദമാണ് ഇന്നു നടക്കുക.വാദം പൂര്‍ത്തിയായാല്‍ കോടതി പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുകയും തുടര്‍ന്ന് കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിക്കുകയും ചെയ്യും.ഇതിനു ശേഷം വിചാരണ തുടങ്ങുന്ന തിയ്യതി പ്രഖ്യാപിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here