രാജ്യം തെരുവിലിറങ്ങി; കശ്‌മീർ മുതൽ കന്യാകുമാരി വരെ അലയടിച്ച് പ്രതിഷേധം

പ്രതിഷേധത്തിന്റെ കനൽ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്‌മീർ മുതൽ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയർന്നു. ആറ്‌ ഇടതുപാർടികൾ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പ്രതിഷേധദിനത്തിൽ ജനലക്ഷങ്ങൾ തെരുവിലിറങ്ങി. വിവിധ കേന്ദ്രങ്ങളിൽ ധൈഷണികരും എഴുത്തുകാരും കലാകാരന്മാരും അണിചേര്‍ന്നു. പ്രതിപക്ഷനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌തു.

പ്രതിഷേധക്കാർക്കുനേരെയുണ്ടായ പൊലീസ്‌ വെടിവയ്‌പിൽ മൂന്നുപേർ മരിച്ചു. മംഗളൂരുവിൽ രണ്ടുപേരും ലഖ്‌നൗവിൽ ഒരാളുമാണ്‌ മരിച്ചത്‌. നിരവധിപേർക്ക്‌ പരിക്കേറ്റു. മംഗളൂരു കൊല്ലപ്പെട്ടത്‌ നൗഷിൻ, ജലീൽ എന്നിവരാണ്‌.

നാനാതുറയിലുമുള്ള ആയിരക്കണക്കിനുപേർ ജന്തർ മന്ദറിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മണ്ഡിഹൗസിൽനിന്നും ചെങ്കോട്ടയിൽനിന്നും ഷഹീദ്‌ പാർക്കിലേക്ക്‌ നടത്താനിരുന്ന മാർച്ചുകൾ പൊലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ തടഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദ കാരാട്ട്‌, ബി വി രാഘവുലു, ഹന്നൻ മൊള്ള, നീലോൽപൽ ബസു, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ളവരെ മണ്ഡിഹൗസിൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഇവരെ ബസുകളിൽ കയറ്റിക്കൊണ്ടുപോയി ഡൽഹി അതിർത്തി കടത്തിവിടാനായിരുന്നു ശ്രമം. ഈ നടപടി ചോദ്യംചെയ്‌തപ്പോൾ വഴിയിൽ ഇറക്കിവിട്ടു. കിട്ടിയ വാഹനങ്ങളിൽ നേതാക്കൾ ജന്തർ മന്ദറിലെത്തി പ്രതിഷേധസമരത്തെ അഭിവാദ്യംചെയ്‌തു. ഭരണഘടനയെ മോഡി സർക്കാർ ഐസിയുവിലാക്കിയെന്ന് സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ എഴുത്തുകാരി അരുന്ധതി റോയി പറഞ്ഞു.

ചെങ്കോട്ടയിലും പ്രതിഷേധപരിപാടികളുണ്ടായി. സമരം നേരിടാൻ 20 മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. പല ഭാഗങ്ങളിലും ഇന്റർനെറ്റ്‌ തടഞ്ഞു. പൊലീസ്‌ റോഡുകൾ അടച്ചിട്ടത്‌ മഹാനഗരത്തെ നിശ്‌ചലമാക്കി. ഗതാഗതക്കുരുക്ക്‌ കാരണം 20 വിമാന സർ‌വീസ്‌ റദ്ദാക്കി.

യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ പ്രതിഷേധം അടിച്ചമർത്താനാണ്‌ സർക്കാർ ശ്രമിച്ചത്‌. വിലക്ക്‌ ലംഘിച്ച്‌ ലഖ്‌നൗവിൽ തെരുവിലിറങ്ങിയ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. കണ്ണീർവാതകം പ്രയോഗിച്ചു. വാഹനങ്ങൾ കത്തിച്ചു. ലഖ്‌നൗ മെട്രോയുടെ എല്ലാ സ്‌റ്റേഷനും അടച്ചിട്ടു.

പശ്‌ചിമ ഉത്തർപ്രദേശിൽ ഇന്റർനെറ്റ്‌ വിലക്കി. നിയമസഭയ്‌ക്ക്‌ മുന്നിൽ അഖിലേഷ്‌ യാദവിന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർടി(എസ്‌പി) നേതാക്കൾ പ്രതിഷേധിച്ചു. സഭയിലും എസ്‌പി അംഗങ്ങൾ വിഷയം ഉന്നയിച്ചു. കാൺപുരിൽ നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു.

ചരിത്രപ്രസിദ്ധമായ മുംബൈ ആഗസ്‌ത്‌ ക്രാന്തി മൈതാനത്ത്‌ റാലിയിൽ 15,000ൽപരം പേർ പങ്കെടുത്തു. നാഗ്‌പുർ, പുണെ എന്നിവിടങ്ങളിലും പ്രതിഷേധറാലി അരങ്ങേറി. പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ ബോളിവുഡ്‌ താരങ്ങളായ പ്രിയങ്ക ചോപ്രയും ഫർഹാൻ അഖ്‌തറും രംഗത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News