ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു; പ്രതികരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ

സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ സാധ്യതകൾ മങ്ങുന്നു. നഷ്ടപരിഹാരവും ജിഎസ്‌ടി വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്യാൻ ജിഎസ്‌ടി കൗൺസിൽ യോഗം ഉടൻ വിളിക്കാനാണ്‌ കേന്ദ്രസർക്കാരിന്റെ ആലോപന. ജിഎസ്‌ടി നഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്രസർക്കാർ രൂപീകരിച്ച നിധിയിൽ നിലവിൽ 65,000 കോടി രൂപയോളം നിക്ഷേപമുണ്ടെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. പ്രത്യേക സെസ്‌ വഴി സമാഹരിച്ച തുകയാണിത്‌.

ഇത്‌ കൈവശം വച്ചാണ്‌ ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ നഷ്ടപരിഹാരം വിതരണംചെയ്യാതെ നീട്ടിക്കൊണ്ടുപോയത്‌. ജിഎസ്‌ടി കൗൺസിൽ ചേരുന്ന സാഹചര്യത്തിൽ തുക അനുവദിച്ച്‌ ഉത്തരവിറക്കി.

എന്നാൽ, ഇനിയും കേരളത്തിന്‌ തുക ലഭിച്ചിട്ടില്ല. ഇതിലും ദയനീയമാണ്‌ ഒക്ടോബർ, നവംബർ മാസങ്ങളിലെ നഷ്ടപരിഹാരവിതരണം. എന്നു നൽകുമെന്ന ചോദ്യത്തോട്‌ പ്രതികരിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. നിലവിലെ സ്ഥിതി തുടർന്നാൽ ഫെബ്രുവരിയിൽ നഷ്ടപരിഹാരം നിഷേധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം ഉടൻ അറിയിക്കുമെന്ന്‌ മന്ത്രി ഐസക്‌ പറഞ്ഞു.

കേന്ദ്ര നികുതിവിഹിതത്തിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്‌. എല്ലാമാസവും ഒന്നിന്‌ നികുതിവിഹിതം സംസ്ഥാനങ്ങൾക്ക്‌ കൈമാറുന്നതാണ്‌ നമ്മുടെ പാരമ്പര്യം. ഇപ്പോൾ 20നു ശേഷമേ നികുതിവിഹിതം നൽകൂവെന്നാണ്‌ കേന്ദ്രനിലപാട്‌. ഇത്‌ സംസ്ഥാനങ്ങളുടെ ധന മാനേജ്‌മെന്റിനെ ബാധിക്കും.

സാമ്പത്തികമാന്ദ്യം രൂക്ഷമാകുകയും നികുതിവരുമാനം കുറയുകയുംചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ അധികാരം വർധിപ്പിക്കണമെന്ന്‌ ബിഹാറിലെ ബിജെപി ധനമന്ത്രി സുശീൽ മോഡി, ജിഎസ്‌ടി കൗൺസിലിൽ ആവശ്യപ്പെട്ടതാണ്‌. ധനകമ്മി മൂന്നിൽനിന്ന്‌ നാലു ശതമാനമായി ഉയർത്തണം. ഇതേ അഭിപ്രായംതന്നെയാണ്‌ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പ്രകടിപ്പിച്ചത്‌– ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here