റിപ്പോര്‍ട്ടിംഗ് അനുവദിക്കാനാകില്ലെന്ന് പൊലീസ്; മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്തതോടെ മംഗളൂരുവിൽ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധക്കാർക്ക്‌ നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ്‌ മാധ്യമപ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തത്‌. മലയാള മാധ്യമപ്രവർത്തകരടക്കം നിരവധിപേർ കസ്‌റ്റഡിയിലാണ്‌.

മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ.

മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്,മീഡിയാവൺ , 24 ന്യൂസ്‌ ചാനൽ എന്നിവയുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടി റിപ്പോർട്ട് ചെയ്യുകയായിരുന്നു ഇവർ. ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. സ്ഥലത്ത് നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തത്.

മംഗളൂരു വെടിവെപ്പിന്‍റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കാസ‍ർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ കർശനമാക്കി.

കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കലബുർഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്‍റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News