മുംബൈ വൻ പ്രതിഷേധം; 25000 പേര്‍ ഒത്തുചേര്‍ന്നു

പ്രതിഷേധ പ്രകടനത്തിൽ വിദ്യാർത്ഥികളും, യുവജനങ്ങളുമടങ്ങുന്ന 25000 മുംബൈ വാസികൾ പങ്കാളികളായി.
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ത്യന്‍ ജനതയെ ഒറ്റക്കെട്ടായിഅണിനിരത്തിയ മുംബൈയിലെ “ആഗസ്റ്റ് ക്രാന്തി മൈതാനം വീണ്ടുമൊരു ജനകീയ പ്രതിഷേധ സമരത്തിനാണ് സാക്ഷ്യം വഹിച്ചത്

മുംബൈയിൽ വിദ്യാർഥികളും യുവ ജനങ്ങളും അടങ്ങുന്ന വിവിധ മേഖലകളിൽ നിന്നുള്ള പതിനായിരങ്ങൾ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം ജന സാഗരമായി. 1942 ആഗസ്റ്റിൽ മഹാത്മാഗാന്ധി ബ്രിട്ടീഷുകാർക്കെതിരെ “ക്വിറ്റ് ഇന്ത്യ” ആഹ്വാനം നൽകിയ സ്ഥലത്തു നിന്നാണ് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ ശബ്ദവുമായി ഏകദേശം 25000 മുംബൈ വാസികൾ ഒത്തുകൂടിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് നിന്ന് തുടങ്ങിയ പ്രക്ഷോഭം സാമ്പത്തിക തലസ്ഥാനത്തേക്ക് വ്യാപിച്ചതിന്റെ ദൃശ്യങ്ങളാണ് ചരിത്രമുറങ്ങുന്ന ആഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രകടമായത് . തിരക്ക് പിടിച്ച നഗര വീഥികളിലൂടെ പ്ലക്കാർഡുകൾ കൈയ്യിലേന്തി സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ നടന്നു നീങ്ങുന്നത് മുംബൈയിൽ പ്രതിഷേധ സമരത്തിന്റെ അപൂർവ കാഴ്ചയായി.

‘വി ദി പീപ്പിൾ’ എന്ന സന്ദേശം പ്രസരിപ്പിച്ചു പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധ സമ്മേളനത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വിദ്യാർഥികൾ. കലാ സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, യുവ ജനങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങി നഗരത്തിലെ സമസ്ത മേഖലയിലുള്ളവർ ഒരേ ശബ്ദവുമായി അണി നിരന്നപ്പോൾ മഹാനഗരം മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയിലായിരുന്നു.

സംയുക്തമായി സംഘടിപ്പിച്ച പൊതുജന റാലിയിലും പ്രതിഷേധ ധർണയിലും ജനാധിപത്യ വിശ്വാസികളായ മലയാളികളടക്കമുള്ള നിരവധി പേർ പങ്കെടുത്തു. സി ഐ ടി യു വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണൻ, സി പി എം നേതാക്കളായ കെ കെ പ്രകാശൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, കെ പവിത്രൻ, ലോക കേരള സഭാംഗങ്ങളായ പ്രിൻസ് വൈദ്യൻ, പി ഡി ജയപ്രകാശ്, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ, കോൺഗ്രസ് നേതാക്കളായ കുമാരൻ നായർ, ജോജോ തോമസ്, കൂടാതെ മലയാളി സംഘടനാ പ്രതിനിധികൾ, വിവിധ വിദ്യാർത്ഥി സംഘടനാ നേതാക്കൾ തുടങ്ങി നിരവധി മലയാളികളും പ്രതിഷേധ സമരത്തിൽ പങ്കാളികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here