പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരത്തില്‍

മുംബൈ: ഇന്ത്യയിലാകമാനം ബിജെപി ഗവണ്‍മെന്റിന്റെ പൗരത്വ നിയമത്തിനെതിരെ അതിശക്തമായ സമരം നടക്കുമ്പോള്‍ രാജ്യത്തെ ഫിലിം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.

ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഫ് ടി ഐ ഐ പൂനെ, എസ് ആര്‍ എഫ് ടി ഐ കൊല്‍ക്കത്ത എന്നീ രണ്ട് സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥി യൂണിയനുകള്‍ സംയുക്തമായാണ് പ്രവേശന പരീക്ഷയുടെയും കോഴ്‌സിന്റെയും ക്രമാതീതമായ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസങ്ങളായി നിരാഹാര സമരം ചെയ്യുന്നത്.

എസ് ആര്‍ എഫ് ടി ഐ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും രണ്ടാം വര്‍ഷ ഡയറക്ഷന്‍ വിദ്യാര്‍ത്ഥിയുമായ മഹേഷ് കൃഷ്ണ, കള്‍ച്ചറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ എഡിറ്റിംഗ് വിദ്യാര്‍ത്ഥിയുമായ വിപിന്‍ വിജയ്, ഒന്നാം വര്‍ഷ അനിമേഷന്‍ വിദ്യാര്‍ത്ഥിയായ ഹരി ജയന്‍ ഫിലിമോട്ടോഗ്രാഫി വിഭാഗത്തിലുള്ള അഖില്‍ എന്നീ മലയാളി വിദ്യാര്‍ത്ഥികളടക്കം രണ്ടിടത്തുമായി പന്ത്രണ്ട് പേരാണ് നിരാഹാരം കിടക്കുന്നത്.

മുന്‍പ് രണ്ട് ഫിലിം സ്‌കൂളുകളിലേക്കും വെവ്വേറെ നടത്തിയിരുന്ന പ്രവേശന പരീക്ഷയെ സ്മൃതി ഇറാനി മന്ത്രിയായപ്പോഴാണ് ചെലവ് കുറക്കാന്‍ എന്ന വാദം ഉന്നയിച്ച് കൊണ്ട് ഏകീകരിച്ച് ഖഋഠ എന്ന പേരില്‍ ഒറ്റ പ്രവേശന പരീക്ഷയും ഏക ജാലക സംവിധാനവുമാക്കുന്നത്. എന്നാല്‍ ഇത് ഫീസ് കുറച്ചില്ലെന്ന് മാത്രമല്ല, പ്രവേശന പരീക്ഷയുടെ ഫീസ് അഞ്ചിരട്ടിയോളം ഉയര്‍ത്തി ഇപ്പോള്‍ 10000 രൂപയാക്കിയിരിക്കുകയാണ്. മാത്രവുമല്ല, പ്രതിവര്‍ഷം ഫീസില്‍ 10% വര്‍ദ്ധനവിനും 75% അറ്റന്റന്‍സ് ഇല്ലാത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും നഷടമാകുന്ന ഓരോ ശതമാനത്തിനും ആയിരം രൂപ എന്ന നിരക്കില്‍ പ്രത്യേക ഫീസ് വാങ്ങണമെന്നുമാണ് പുതിയ നിര്‍ദ്ദേശം.

രാജ്യത്തെ മറ്റ് പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തുടര്‍ന്ന് വരുന്ന ഭരണഘടനാ വിരുദ്ധവും ശത്രുതാപരവുമായ ഇതേ നയത്തിലൂടെ സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള അവസരം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2015 ല്‍ ആദ്യ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് ഗജേന്ദ്ര ചൗഹാനെ എഫ് ടി ഐ ഐ ചെയര്‍മാനായി നിയമിച്ചതിനെ തുടര്‍ന്നിങ്ങോട്ട് ഇന്ത്യയിലാകമാനമുള്ള പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലും യൂണിവേഴ്‌സിറ്റികളിലും തുടര്‍ന്നു കൊണ്ടേയിരിക്കുന്ന സമരങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഈ സമരവും. പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം വികലമായ സിലബസ് പരിഷ്‌കാരങ്ങളിലൂടെയും അതി ഭീകരമായ ഫീസ് വര്‍ദ്ധനവിലൂടെയും സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാക്കി കൊണ്ട് ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് മാത്രം പഠിക്കാനുള്ള ഇടങ്ങളാക്കി മാറ്റാനും തുടര്‍ന്ന് സ്വകാര്യ വാണിജ്യകേന്ദ്രങ്ങളാക്കി മാറ്റാനുമുള്ള ഇത്തരം നീക്കങ്ങളെ എന്തു വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കേണ്ടത് വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി കൂടിയാണ്.

ഡിസംബര്‍ 27 ന് സമരവുമായി ബന്ധപ്പെട്ടുകൊണ്ട് അടിയന്തിര ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ടെന്നതല്ലാതെ അനുഭാവപൂര്‍ണമായ തരത്തില്‍ യാതൊരു നീക്കവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രവേശന പരീക്ഷ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക, കോഴ്‌സ് ഫീസിന്റെ 10% പ്രതിവര്‍ഷ വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമാവുന്നത് വരെ പ്രവേശനം നിര്‍ത്തി വെക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിരാഹാരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സമരവുമായി ഏതറ്റം വരെ പോകാനും തങ്ങള്‍ ഒരുക്കമാണെന്നും വിദ്യാര്‍ത്ഥികളും യുവജനങ്ങളും തൊഴിലാളികളുമടങ്ങുന്ന രാജ്യത്തെ പൊതുജനത്തിന്റെ പിന്തുണ സമരത്തിന്റെ കൂടെയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News