മുഖ്യമന്ത്രിയുടെ കത്ത് ഫലം കണ്ടു; കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു; സംഘം അതിര്‍ത്തിയായ തലപ്പാടിയിലെത്തി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്ത മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനിടെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്ത് ഏഴ് മണിക്കൂറിന് ശേഷം മാധ്യപ്രവര്‍ത്തകരെ വിട്ടയച്ചത്. ഇവരെ അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് കര്‍ണാടക പൊലീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഡിജിപി ലോക്നാഥ് ബെഹ്റ ആശയവിനിമയം നടത്തി.

മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡിയാവണ്‍ , 24 ന്യൂസ് ചാനല്‍ എന്നിവയുടെ വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇവര്‍. ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. സ്ഥലത്ത് നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News