പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തടഞ്ഞ കര്‍ണാടക സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ തടഞ്ഞ കര്‍ണാടക സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഓരോ പ്രതിഷേധങ്ങളെയും നിരോധിക്കാന്‍ ആണോ തീരുമാനം എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കോടതി നാളെ തീരുമാനം എടുക്കും.

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ വിമര്‍ശനം. ഓരോ പ്രതിഷേധങ്ങളെയും നിരോധിക്കാന്‍ ആണോ തീരുമാനം എന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നേരത്തെ അനുമതി നല്‍കിയ പ്രതിഷേധങ്ങള്‍ പിന്നീട് എങ്ങനെ നിരോധിക്കാന്‍ ആകും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഒരു എഴുത്തുകാരനോ കലാകാരനോ പ്രതിഷേധിക്കാന്‍ പാടില്ലേ?

പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറും എന്ന് നിങ്ങള്‍ എങ്ങനെ അനുമാനിക്കുന്നു തുടങ്ങിയ ചോദ്യങ്ങളും ചീഫ് ജസ്റ്റിസ് അഭയ് ഒക്ക അധ്യക്ഷന്‍ ആയ ബഞ്ച് ചോദിച്ചു. പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിച്ച വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് വൈകുന്നേരം 4 മണിക്ക് അകം കോടതി മറുപടിയും തേടി.

നിരോധനാജ്ഞ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്നും അക്രമം ഉണ്ടാകുന്നത് ഒഴിവാക്കാനായാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് എന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം ആണ് ഇതെന്നായിരുന്നു കോടതി മറുപടി.

നിരോധനാജ്ഞ പ്രഖ്യാപിച്ചത് ശരിയാണോ എന്ന കാര്യത്തില്‍ നാളെ തീരുമാനം എടുക്കുമെന്ന് കോടതി പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് ആരെങ്കിലും അനുമതി തേടിയാല്‍ മൂന്നോ നാലോ ദിവസം കൊണ്ട് തീരുമാനം എടുക്കാനും കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News