ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല; ജനസംഖ്യാ രജിസ്റ്റർ പുതുക്കല്‍ നടപടികള്‍ നിർത്തിവച്ചു

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനം നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുപ്പ്, 2019ലെ പൗരത്വ ഭേദഗതി നിയമപ്രകാരം ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പാകുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനം സ്റ്റേ ചെയ്തതായി വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

എന്‍.ആര്‍.പി പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സഹകരിക്കില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയ ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ തന്നെ ഈ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുപ്പിന് സംസ്ഥാനം തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

എന്നാല്‍, നിലവില്‍ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് എന്‍.പി.ആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കേണ്ട എന്ന തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News