പൊലീസ്‌ അതിക്രമം പൂഴ്ത്തിവെക്കാൻ മാധ്യമപ്രവർത്തരെ വ്യാജൻമാരാക്കി കർണാടക പൊലീസ്‌; കസ്‌റ്റഡിയിൽ വച്ചത്‌ 7 മണിക്കൂർ

പൊലീസ്‌ അതിക്രമം പുറംലോകം അറിയാതിരിക്കാൻ മലയാളി മാധ്യമപ്രവർത്തരെ കർണാടക പൊലീസ്‌ ഏഴു മണിക്കൂർ കസ്‌റ്റഡിയിൽവച്ചത്‌ വ്യാജൻമാരാണെന്ന്‌ ആരോപിച്ച്‌. മംഗളൂരുവിൽ പൊലീസ‌് വെടിവച്ചുകൊന്ന ജലീൽ, നൗഷീൻ എന്നിവരുടെ പോസ‌്റ്റ‌്മോർട്ടം നടപടി റിപ്പോർട്ട‌് ചെയ്യാനായി വെള്ളിയാഴ‌്ച രാവിലെ മംഗളൂരു വെൻലോക‌് ആശുപത്രി മോർച്ചറിക്കടുത്ത‌് എത്തിയ വാർത്താസംഘത്തെ മംഗളൂരു സിറ്റി കമീഷണർ ഡോ. ഹർഷയുടെ നിർദേശപ്രകാരമാണ‌് കസ‌്റ്റഡിയിലെടുത്തത‌്.

മരിച്ചവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമ പ്രവർത്തകർ സംസാരിച്ചതാണ‌് പൊലീസിനെ പ്രകോപിപ്പിച്ചത‌്. കൊല്ലപ്പെട്ട നൗഷീൻ സമരത്തിൽ പങ്കെടുത്തില്ലെന്നും ജോലി കഴിഞ്ഞ‌് മടങ്ങവെയാണ‌് വെടിയേറ്റതെന്നും ബന്ധുക്കൾ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

ഇത‌് ശ്രദ്ധയിൽപ്പെട്ട കമീഷണർ മാധ്യമപ്രവർത്തകരോട‌് അക്രിഡിറ്റേഷൻ കാർഡ‌് ആവശ്യപ്പെട്ടു. കാർഡുകൾ വ്യാജമാണെന്ന‌് സംശയമുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞ‌് ഇവരെ പൊലീസ‌് വാഹനത്തിലേക്ക‌് ബലമായി കയറ്റി.

തുടർന്ന‌്, ഇവരുടെ മൊബൈൽ ഫോണും ക്യാമറയും പിടിച്ചുവാങ്ങി ആറുമണിക്കൂറോളം വാഹനത്തിൽ ഇരുത്തി. പിന്നീട‌് സൗത്ത‌് പൊലീസ‌് സ‌്റ്റേഷനിലേക്ക‌് മാറ്റി. കേരളത്തിൽനിന്ന്‌ മാധ്യമപ്രവർത്തകരെന്ന വ്യാജേന മാരകായുധങ്ങളുമായി എത്തിയ 50 പേരെ അറസ‌്റ്റ‌്ചെയ‌്തുവെന്ന വാർത്ത പൊലീസ‌് പ്രചരിപ്പിക്കുകയും ചില കന്നട, ഇംഗ്ലീഷ‌് മാധ്യമങ്ങൾ അത‌് വലിയ പ്രധാന്യത്തോടെ വാർത്തയാക്കുകയും ചെയ‌്തു.

തിരിച്ചറിയൽ രേഖകളില്ലാത്ത റിപ്പോർട്ടിങ്ങിന‌് ആവശ്യമില്ലാത്ത വസ‌്തുക്കളുമായി കണ്ടെത്തിയവരെ ചോദ്യംചെയ്യാനായി കൊണ്ടുപോയതായി കമീഷണർ മാധ്യമപ്രവർത്തകർക്കായുള്ള പൊലീസിന്റെ ഔദ്യോഗിക വാട‌്സ‌ാപ് ഗ്രൂപ്പിൽ സന്ദേശമയച്ചു. ഈ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകർക്ക‌് പ്രതികരിക്കാനുള്ള സംവിധാനം തടഞ്ഞിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കമീഷണർ പ്രതികരിച്ചില്ല. പകൽ പന്ത്രണ്ടോടെ മാധ്യമപ്രവർത്തകരെ വിട്ടയച്ചുവെന്ന‌ കള്ളം അഭ്യന്തരമന്ത്രി പ്രചരിപ്പിച്ചു.

മാധ്യമപ്രവർത്തകരുടെ മോചനത്തിനായി നടപടി സ്വീകരിക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതനുസരിച്ച‌് മാധ്യമപ്രവർത്തകരുടെ സുരക്ഷയ്‌ക്കും മോചനത്തിനുമായി ചീഫ‌് സെക്രട്ടറിയും കേരള ഡിജിപിയും കർണാടക സർക്കാരും പൊലീസുമായി ബന്ധപ്പെട്ടു.

പകൽ മൂന്നോടെ എട്ട‌് പേരെയും പൊലീസ‌് വാഹനത്തിൽ കർണാടക അതിർത്തിയായ തലപ്പാടിയിൽ എത്തിച്ച്‌ കേരള പൊലീസിന‌് കൈമാറി. ഇവിടെ കെയുഡബ്ല്യുജെയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here