”ബിജെപിക്ക് വോട്ടു ചെയ്തതില്‍ ഖേദിക്കുന്നു; ബിജെപി മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നു”; ആഞ്ഞടിച്ച് ശ്രേയ പ്രിയം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുമ്പോള്‍, അവരെ തോക്കുകൊണ്ട് നേരിടാന്‍ വരുന്ന പൊലീസുകാര്‍ക്ക് പൂവ് കൊടുത്ത് പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

‘എന്റെ അച്ഛന്റെ വിചാരം ഞാനിവിടെ ചരിത്രം പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ്, എന്നാല്‍ ഞാനത് സൃഷ്ടിക്കുന്ന തിരക്കിലാണ് എന്ന് അറിയില്ലല്ലോ’ എന്ന ക്യാപ്ഷനില്‍ വന്ന ചിത്രം ശ്രദ്ധേയമായതോടെ പെണ്‍കുട്ടിക്കെതിരെ സംഘപരിവാറുകാരും രംഗത്തെത്തി.

എന്നാല്‍ താന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും അതില്‍ ഇന്ന് ഖേദിക്കുന്നെന്നും പട്ന സ്വദേശിയായ ശ്രേയ പ്രിയം റോയ് പറയുന്നു.

ശ്രേയയുടെ വാക്കുകള്‍:

”ഞാന്‍ ബിഹാറിലെ പട്നയില്‍നിന്ന് വരുന്ന ആളാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യത്തിന് വോട്ടുചെയ്തയാള്‍. ഇന്ത്യ ഒരു മതേതര രാജ്യമാണ്. എന്നാല്‍ ബിജെപി അതിനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുകയാണ്. ബിജെപി വോട്ടു നല്‍കിയതില്‍ ഇന്ന് ഖേദിക്കുന്നു.”

”ജാമിയയില്‍ പൊലീസ് അതിക്രമം ഉണ്ടായെന്ന് സുഹൃത്ത് പറഞ്ഞാണ് അറിയുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചേരണമെന്ന് കരുതിയാണ് അവിടേക്ക് ചെല്ലുന്നത്. പൊലീസിന് റോസാ പൂവ് കൊടുത്തത് വിദ്യാര്‍ഥികള്‍ അക്രമകാരികള്‍ അല്ല എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്.”

”ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുമില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പൊലീസ് ആക്രമിച്ചാലും കൊടുക്കണമെന്ന് കരുതിയാണ് പൂവ് വാങ്ങിയതും. മുസ്ലിങ്ങള്‍ക്ക് എതിരായ നീക്കമാണ് പുതിയ നിയമം.”

”നമ്മുടെ വീട്ടില്‍ വന്ന് അവിടെ നമ്മുടെ അവകാശത്തെ ചോദ്യംചെയ്യുന്നതിന് തുല്യമാണത്. ബിജെപി സര്‍ക്കാര്‍ അയല്‍രാജ്യങ്ങളില്‍നിന്നുള്ള മറ്റുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാറാകുന്നുണ്ട്. എന്തുകൊണ്ടാണ് ആ അവകാശം റോഹിന്‍ഗ്യന്‍ മുസ്ലിമുകള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും നല്‍കാത്തത്.”-ശ്രേയ ചോദിക്കുന്നു.

21 കാരിയായ ശ്രേയ ദില്ലി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ ചരിത്ര വിദ്യാര്‍ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News